ഇടുക്കി: ഉപ്പുതറ രജനി കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് സുബിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. രജനിയുടെ മൃതദേഹം കണ്ടെത്തിയ വീടിനുസമീപത്തെ പറമ്പിലാണ് സുബിന്റെ മൃതശരീരം കണ്ടെത്തിയത്.
കഴിഞ്ഞദിവസമാണ് ചോര വാർന്ന് മരിച്ച നിലയിൽ രജനിയെ വീട്ടിൽ കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്നുണ്ടായ കൈവിട്ട തർക്കമാണ് രജനിയുടെ മരണത്തിന് കാരണമെന്നാണ് എന്നാണ് പൊലീസിന്റെ നിഗമനം. ചൊവ്വാഴ്ച രജനി മരണപ്പെട്ട ശേഷം പ്രതി എന്ന് സംശയിക്കുന്ന സുബിൻ ഒളിവിലായിരുന്നു.
കഴിഞ്ഞ ദിവസം സുബിൻ കട്ടപ്പനയിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കാനും രജനിയെ കൊന്നത് സുബിൻ തന്നെയാണെന്ന് ഉറപ്പിക്കാനുമുള്ള അന്വേഷണത്തിനിടെയാണ് സുബിന്റെ അപ്രതീക്ഷിതമായ മരണം.
ശനിയാഴ്ച രാവിലെയാണ് ഉപ്പുതറയിലെ വീടിന് സമീപം സുബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതശരീരം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരു കുടുംബത്തിലെ രണ്ട് പേരാണ് പല സമയങ്ങളിലായി മരിച്ചത്. രജനിയെ കൊന്നത് സുബിൻ തന്നെയാണോ എന്നതിൽ അന്വേഷണം തുടരുകയാണ് പൊലീസ്.