കൊല്ലം: ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഭർത്താവിൻ്റെ ശ്രമം. അച്ചൻകോവിൽ സ്വദേശി ശ്രീതു (30), ഭർത്താവ് ഷെഫീക്ക് (32) എന്നിവർക്കാണ് പൊള്ളലേറ്റത്.
ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ ദമ്പതികൾ ചികിത്സയിലാണ്. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അച്ചൻകോവിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇരുവരും 7-8 മാസങ്ങളായി ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് പിരിഞ്ഞ് നിൽക്കുകയായിരുന്നു. ഇന്ന് ഭർത്താവായ ഷെഫീക്ക് വീട്ടിൽ വന്ന് സ്നേഹത്തോടെ സംസാരിച്ചിരുന്നുവെന്നും തുടർന്ന് പണി സാധനങ്ങൾ എടുത്ത് തരാൻ പറഞ്ഞ് ശ്രീതുവിനെ കൂട്ടി മുറിക്കകത്ത് കയറി വാതിലടച്ച് പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും ശ്രീതുവിൻ്റെ അമ്മ പ്രതികരിച്ചു. ഇരുവർക്കും മൂന്ന് മക്കളുണ്ട്.