ഹൈദരബാദ്: ആളൊഴിഞ്ഞ വീട്ടിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന പ്രദേശവാസികളാണ് ആളൊഴിഞ്ഞ വീട്ടിലെ അസ്ഥികൂടം ആദ്യമായി കണ്ടെത്തിയത്. അസ്ഥികൂടത്തിന് പത്തുവർഷത്തിലേറെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. പരിസരം അടച്ചുപൂട്ടി സമഗ്രമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
ഹൈദരബാദ് നമ്പള്ളി മാർക്കറ്റിന് സമീപമുള്ള വീട് ഏഴ് വർഷത്തോളമായി പൂട്ടികിടക്കുകയാണ്. പ്രദേശവാസികളുടെ ക്രിക്കറ്റ് കളിക്കിടെ ബോൾ വീടിനുള്ളിൽ പോയതിന് പിന്നാലെയാണ് അസ്ഥികൂടത്തിൻ്റെ വിവരം പുറത്തുവരുന്നത്. ബോളെടുക്കാനായി ഒരാൾ വീട്ടിനുള്ളിൽ കയറിയപ്പോൾ കണ്ടത് നടുക്കുന്ന ദൃശ്യമായിരുന്നു. പേടിച്ച് നിലവിളിച്ച കുട്ടികൾ പ്രദേശവാസികളെ വിളിച്ചുവരുത്തി.ഇവർ പകർത്തിയ അസ്ഥികൂടത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ വീടിൻ്റെ അടുക്കളയെന്ന് തോന്നിക്കുന്ന ഭാഗത്ത് ഒരു അസ്ഥികൂടം തറയിൽ കമിഴ്ന്നുകിടക്കുന്നതായി കാണം. ചുറ്റിലും പാത്രങ്ങളും ചിതറിക്കിടക്കുന്നു. വീട്ടിൽ നിന്നും പൊലീസ് ഒരു പഴയ നോക്കിയ മൊബൈൽ ഫോണും നിരോധിച്ച കറൻസി നോട്ടുകളും ഒപ്പം കണ്ടെത്തി. പത്ത് വർഷം മുമ്പ് മരിച്ചതായി സംശയിക്കുന്ന അമീർ ഖാന്റെതാണ് അസ്ഥികൂട അവശിഷ്ടങ്ങളെന്നാണ് പോലീസ് നിഗമനം. ഇയാൾ മരിച്ചിട്ട് വർഷങ്ങൾ ആയിട്ടുണ്ടാകാമെന്നും മൃതദേഹം ദ്രവിച്ചനിലയിലാണെന്നും പൊലീസ് പറയുന്നു.
വീട്ടുടമസ്ഥനായ മുനീർ ഖാൻ്റെ പത്ത് മക്കളിൽ മൂന്നാമനാണ് അമീർ. അമീർ മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നതെന്നും സഹോദരങ്ങൾ മറ്റ് പലയിടത്താണെന്നും പൊലീസ് കണ്ടെത്തി. മരിക്കുമ്പോൾ അമീറിന് അമ്പതിനോടടുത്ത് പ്രായമുണ്ടായിരുന്നു.
ബാറ്ററി നശിച്ച ഫോണിൽ നിന്നാണ് അസ്ഥികൂടം അമീറിന്റേതാണെന്ന സൂചന പൊലീസിന് ലഭിച്ചത്. ഫോൺ റിക്കവർ ചെയ്തപ്പോൾ 2015 വരെ 84 മിസ്ഡ് കോൾ വന്നതായും പൊലീസ് കണ്ടെത്തി. ഈ കണ്ടെത്തലിൽ നിന്നാണ് അമീറിൻ്റെ മരണം 10 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതാകാമെന്ന നിഗമനത്തിൽ പൊലീസെത്തിയത്. എന്നാൽ അമീറിന്റെ സഹോദരങ്ങളോ ബന്ധുക്കളോ ഇത്രകാലമായിട്ടും അന്വേഷിച്ചെത്തിയില്ല എന്നത് നിഗൂഡത വർധിപ്പിക്കുകയാണ്.
മൽപ്പിടുത്തത്തിന്റെയോ രക്തക്കറകളുടെയോ അടയാളങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യ അന്വേഷണത്തിൽ വൈദഗ്ധ്യമുള്ള പ്രത്യേക യൂണിറ്റായ ക്ലൂസ് ടീം വീട് സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചു. മൃതദേഹാവശിഷ്ടങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.