ട്രൈഡൻ്റ് ഇമ്മിഗ്രേഷൻ Source: News Malayalam 24x7
CRIME

ജോലി വാഗ്‌ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; കൊച്ചിയിൽ ഇമ്മിഗ്രേഷൻ കൺസൽട്ടൻ്റ് സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടീസ് നൽകി പൊലീസ്

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആഴ്ചകളായിട്ടും, പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് പരാതിക്കാരുടെ ആരോപണം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. പാലാരിവട്ടത്തെ ട്രൈഡൻ്റ്സ് ഇമ്മിഗ്രേഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് ഗുരുതരമായ ആരോപണം. സംഭവത്തിൽ സ്ഥാപനം അടച്ചു പൂട്ടാൻ പൊലീസ് നോട്ടീസ് നൽകി.

വിദേശത്ത്, പ്രത്യേകിച്ച് പോളണ്ടിൽ വെയർഹൗസ് ജോലികൾ വാഗ്ദാനം ചെയ്താണ് ട്രൈഡൻ്റ്സ് ഇമ്മിഗ്രേഷൻ സ്ഥാപനം ഉദ്യോഗാർഥികളെ കബളിപ്പിച്ചത്. അമൽ മത്തായി, അമൽ രാജു, ആനന്ദ് സുരേന്ദ്രൻ, മെൽവിൻ തുടങ്ങി നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ഇവർ കൈക്കലാക്കിയത്. എന്നാൽ വിസയോ നൽകിയ പണമോ ലഭിക്കാത്തതോടെയാണ് ഉദ്യോഗാർഥികൾ പൊലീസിനെ സമീപിച്ചത്.

സംഭവത്തിൽ ട്രൈഡൻ്റ്സ് സ്ഥാപന ഉടമകളായ അജു വിൽസൺ, ബ്രാക്സിൽ ലാൽ, മാനേജർമാരായ ഷാനവാസ്, ഷൗമ്യ എന്നിവർക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആഴ്ചകളായിട്ടും, പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് പരാതിക്കാരുടെ ആരോപണം.

അതേസമയം, വ്യാപകമായ പരാതികൾ ഉയർന്നതോടെ സ്ഥാപനം അടച്ചുപൂട്ടാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ നോട്ടീസ് നൽകിയിട്ടും സ്ഥാപനം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും ഓൺലൈൻ പരസ്യങ്ങൾ വഴി ഉദ്യോഗാർത്ഥികളെ ഇപ്പോഴും കബളിപ്പിക്കുന്നുണ്ടെന്നും പരാതിക്കാർ പറയുന്നു.

SCROLL FOR NEXT