പിടിയിലായ പ്രതികള്‍‌ Source: News Malayalam 24x7
CRIME

മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ കവർന്ന് മുങ്ങി, വയനാട്ടില്‍ വെച്ച് മലയാളി സംഘത്തിന് ലോക്കിട്ട് കേരളാ പൊലീസ്

പാലക്കാട് സ്വദേശികളാണ് പിടിയിലായ ആറ് പേരും

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിൽ നിന്ന് വന്‍ കവർച്ച നടത്തി മുങ്ങിയ സംഘം വയനാട്ടില്‍ പിടിയില്‍. ഒന്നരക്കോടി രൂപ തട്ടിയെടുത്ത സംഘത്തെ വയനാട് കൈനാട്ടിയിൽ വെച്ച് ഹൈവേ പൊലീസും കല്പറ്റ പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

പാലക്കാട് സ്വദേശികളാണ് പിടിയിലായ ആറ് പേരും. കുമ്മാട്ടര്‍മേട്, ചിറക്കടവ്, ചിത്തിര വീട്ടില്‍ നന്ദകുമാര്‍ (32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാര്‍ (27), പോല്‍പുള്ളി,പാലാനംകൂറിശ്ശി, സുരേഷ് (47), കാരെകാരെക്കാട്ട്പറമ്പ്, ഉഷ നിവാസ്, വിഷ്ണു(29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു (31), വാവുല്യപുരം, തോണിപാടം, കലാധരന്‍ (33) എന്നിവരാണ് പിടിയിലായത്. പ്രതികളെ പിന്തുടർന്ന് മഹാരാഷ്ട്ര പൊലീസും വയനാട്ടിലെത്തി.

മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലാണ് മലയാളി സംഘം കവർച്ച നടത്തിയത്. കാറില്‍ കൊണ്ടുപോകുകയായിരുന്ന ഒന്നര കോടി രൂപയാണ് സംഘം കവർന്നത്. രണ്ടു വാഹനങ്ങളിലായി എത്തിയാണ് ഇവർ കവർച്ച നടത്തിയത്. കവർച്ചയ്ക്ക് ശേഷം ഇവർ മഹാരാഷ്ട്ര വിട്ടു. സംഘം കേരളത്തിലേക്കു കടന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്റ്റേഷനുകളില്‍ അലേർട്ട് നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

വയനാട് ജില്ലയില്‍ പ്രവേശിച്ച പ്രതികളെ ശനിയാഴ്ച രാത്രി അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. കവർച്ച നടത്തിയ വാഹനങ്ങളില്‍ ഒന്നിലുണ്ടായിരുന്നവരാണ് പൊലീസ് വലയില്‍ കുരുങ്ങിയത്. പ്രതികളിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. രണ്ടാമത്തെ വാഹനത്തിൽ ഉണ്ടായിരുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണ് എന്നാണ് സൂചന.

SCROLL FOR NEXT