കൊച്ചി: വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ അശ്വതി നായർ, അമ്മ ശ്രീകുമാരി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. കുടുംബം ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ് . അശ്വതിയുടെ ഭർത്താവിൻ്റെ കുടുംബത്തിനെതിരായ കുറിപ്പ് വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. കഴിഞ്ഞ രണ്ട് മാസമായി ചിറ്റൂർ വടുതലയിൽ ഇവർ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അശ്വതിയുടെ മകൻറെ ചികിത്സയ്ക്കു വേണ്ടി രണ്ടു മാസങ്ങൾക്കു മുൻപാണ് എറണാകുളം ചിറ്റൂർ വടുതലയിൽ ഈ കുടുംബം വീട് വാടകയ്‌ക്കെടുത്തത്.
കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിൽ നിന്ന് ആരെയും പുറത്തേക്ക് കാണാതായതോടെ വീട്ടുടമസ്ഥൻ്റെ സഹോദരൻ്റെ മകൻ ഈ വീട്ടിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കുട്ടികൾകൾക്ക് വിഷം നൽകിയ ശേഷം അശ്വതിയും അമ്മയും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിനെ നിഗമനം. അശ്വതിയുടെ ഭർത്താവ് രണ്ടു മാസങ്ങൾക്കു മുൻപ് ജീവനൊടുക്കിയിരുന്നു. ഇയാളുടെ മരണത്തിന് കാരണം അശ്വതിയാണ് എന്ന് ഭർത്താവൻ്റെ കുടുംബത്തിൻറെ നിരന്തര കുറ്റപ്പെടുത്തലാണ് ഇവരെ മരണത്തിലേക്ക് നയിച്ചത് എന്നാണ് കുറിപ്പിൽ പറയുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)