സൈബർ പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾക്കൊപ്പം Source: News Malayalam 24x7
CRIME

കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം; ഷെയര്‍ ട്രേഡിങ്ങിൻ്റെ മറവില്‍ ഒന്നേ മുക്കാൽ കോടി തട്ടിയെടുത്ത പ്രതികൾ പിടിയിൽ

കണ്ണൂർ സ്വദേശികളായ റെയീസ്, നാസീം ഷൊർണൂർ സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ തട്ടിപ്പ് നടത്തിയ പ്രതികൾ സിറ്റി സൈബര്‍ പൊലീസിൻ്റെ പിടിയിലായി. ഷെയര്‍ ട്രേഡിങ്ങിൻ്റെ മറവില്‍ ഒരു കോടി 75 ലക്ഷത്തിലധികം തട്ടിയെടുത്ത കണ്ണൂർ സ്വദേശികളും, ജോലി വാഗ്ദാനം നൽകി പണം തട്ടിയ ഷൊർണ്ണൂർ സ്വദേശിയുമാണ് പിടിയിലായത്. നിരവധി ആളുകൾക്കാണ് ഇവരുടെ കെണിയിൽ വീണ് പണം നഷ്ടമായത്.

ഷെയര്‍ ട്രേഡിങ്ങ് നടത്തിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാക്കാമെന്നും ആതിനാവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് കണ്ണൂർ സ്വദേശികളായ റെയീസും, നാസീമും തട്ടിപ്പ് നടത്തിയത്. ഒരു ട്രേഡിങ്ങ് പ്ലാറ്റ്‌ഫോമിന്റെ അതേ പേരിലുള്ള വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് അതിലൂടെ പല തവണ പണം നിക്ഷേപമായി സ്വീകരിച്ചു.

ലാഭം വർധിക്കുന്നതായി അപ്ലിക്കേഷനില്‍ കണ്ടതോടെ ഇരയായവർ കൂടുതല്‍ തുക നിക്ഷേപിക്കുകയായിരുന്നു. ഇങ്ങനെ കൊല്ലം കിളികൊല്ലൂർ സ്വദേശിക്ക് നഷ്ടമായത് ഒരു കോടി 75 ലക്ഷത്തിലധികമാണ്. യുവാവിന്റെ പരാതിയിലാണ് കൊല്ലം സിറ്റി സൈബർ പൊലീസ് പ്രതികളെ പിടികൂടിയത്. മറ്റു സംസ്ഥാനങ്ങളിലും പ്രതികള്‍ക്കെതിരെ സമാനമായ പരാതികള്‍ നിലവിലുളളതായി പൊലീസ് കണ്ടെത്തി.

സമൂഹമാധ്യമങ്ങൾ വഴി ഡ്രൈവർ ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന പരസ്യം നൽകിയാണ് പാലക്കാട് ഷൊർണൂർ സ്വദേശിയായ വിഷ്ണു തട്ടിപ്പ് നടത്തിയത്. ജോലിക്കായി പരസ്യത്തിൽ കണ്ട നമ്പറിൽ വിളിക്കുന്നവരോട് മുൻകൂറായി രേഖകളും ഫീസ് ഇനത്തിൽ പണവും വാങ്ങും. തുക കൈക്കലാക്കിയ ശേഷം ബ്ലോക്ക് ചെയ്യുകയാണ് പതിവ്. തട്ടിപ്പ് തുടരുന്നതിനിടെയാണ് കൊല്ലം സ്വദേശിയുടെ പരാതിയിൽ ഇയാളെയും പൊലീസ് പിടികൂടുന്നത്.

വ്യാജ പരസ്യം നൽകി പ്രതി എട്ടു ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ. ട്രേഡിങ്ങിലൂടെയും തൊഴിൽ വാഗ്ദാനത്തിലൂടെയുമുള്ള ഇരു തട്ടിപ്പുകളിലും കൂടുതൽ പരാതിക്കാരുണ്ടോ എന്ന് കൊല്ലം സിറ്റി സൈബർ പൊലീസ് അന്വേഷിച്ചു വരികയാണ്.

SCROLL FOR NEXT