എറണാകുളം: കോതമംഗലത്ത് യുവതി ആൺസുഹൃത്തിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്. രണ്ടുമാസത്തെ ആസൂത്രണത്തിനിടെ പ്രതി അദീനയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോവെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സിസിടിവി തകരാറിലാക്കാൻ അദീനയ്ക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി അദീനയെ ഉടൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
മാതിരപ്പിള്ളി കരയിൽ മേലേത്ത് മാലിൽ വീട്ടിൽ അൻസിൽ അലിയാറിനെ (38) കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അൻസിൽ പൊലീസിനോടും ബന്ധുക്കളോടും പെൺസുഹൃത്ത് വിഷം നൽകിയെന്ന് പറഞ്ഞിരുന്നു. ഗുരുതരാവസ്ഥയിലായ അന്‍സില്‍ മരിച്ചതിനു പിന്നാലെ പൊലീസ് അദീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.
ഏറെക്കാലമായി അടുപ്പത്തിലായിരുന്ന അന്‍സിലിനെ ഒഴിവാക്കാൻ വിഷം നൽകുകയായിരുന്നു എന്ന് അദീന സമ്മതിച്ചു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ അൻസിൽ അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തുമായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ തുടങ്ങിയതോടെ അൻസിലിനെ ഒഴിവാക്കാൻ അദീന തീരുമാനിക്കുകയായിരുന്നു.
വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലക്കി നൽകുകയായിരുന്നു. അദീനക്കെതിരെ ആദ്യം വധശ്രമത്തിന് കേസെടുത്തെങ്കിലും അൻസിലിന്റെ മരണത്തോടെ കൊലപാതക കുറ്റം ചുമത്തി. ചേലാട് കടയിൽ നിന്ന് കളനാശിനി വാങ്ങിയതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.