കോഴിക്കോട്: കുറ്റ്യാടിയില്‍ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. നടുറോഡില്‍ വാഹനങ്ങള്‍ തമ്മില്‍ ഇടിപ്പിച്ച സംഘം പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് കാറുകള്‍ ഓടിച്ചു കയറ്റുകയും തമ്മില്‍ തല്ലുകയും ചെയ്തു. സ്റ്റേഷന്‍ പരിസരത്തെത്തിയ കാറില്‍ നിന്ന് പൊലീസ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ഇന്ന് പുലര്‍ച്ചെ കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ അരങ്ങേറിയ സംഭവങ്ങള്‍. രണ്ടു മണിയോടെ അമിതവേഗത്തില്‍ രണ്ട് കാറുകള്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് വന്നു. തൊട്ടുപിന്നാലെ കാറില്‍ നിന്നിറങ്ങിയവര്‍ പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം കണ്ട് പൊലീസുകാര്‍ സ്റ്റേഷന് പുറത്ത് ഇറങ്ങിയതോടെ ഒരു കാറിലുണ്ടായിരുന്ന സംഘം ഓടി രക്ഷപ്പെട്ടു. മൂന്നുപേര്‍ പൊലീസ് പിടിയിലായി.
ചോദ്യംചെയ്യലില്‍ ലഹരി സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചു. പുലര്‍ച്ചെ ഒന്നര മുതല്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് പൊലീസ് സ്റ്റേഷന്‍ മുറ്റത്തെ സംഘര്‍ഷത്തില്‍ കലാശിച്ചത്. തങ്ങളെ കൊല്ലുമെന്ന ഭയം കൊണ്ടാണ് സ്റ്റേഷന്‍ മുറ്റത്തേക്ക് വാഹനം ഓടിച്ച് കയറ്റിയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.