മരിച്ച കിരൺ, അറസ്റ്റിലായ ആനന്ദ് 
CRIME

ബെം​ഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു; പെൺസുഹൃത്തിന്റെ അച്ഛൻ അറസ്റ്റിൽ

കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു കിരൺ

Author : ന്യൂസ് ഡെസ്ക്

ബെം​ഗളൂരു: കർണാടകയിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു. ബെം​ഗളൂരുവിലെ യെലഹങ്കള്ളിയിലാണ് സംഭവം. പാലക്കാട് തിരുവേ​ഗപ്പുറം സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിന്റെ അച്ഛനാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. ഇന്നലെ രാത്രിയാണ് ദാരുണമായി സംഭവം നടന്നത്. സംഭവത്തിൽ കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു കിരൺ. ആനന്ദിന്റെ മകളായ 19കാരിയുമായി കിരൺ അടുപ്പത്തിലായിരുന്നു. തുടർച്ചയായ അവധി വന്നതോടെ മൈസൂരിൽ പഠിക്കുന്ന ഈ കുട്ടി തിരിച്ചുവന്നു. ഇതിനിടെ ആനന്ദും ഭാര്യയും തമിഴ്നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. ഇതിന് പിന്നാലെ കിരൺ വീട്ടിലെത്തുകയായിരുന്നു.

എന്നാൽ അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയ ആനന്ദ് മകൾക്കൊപ്പം കിരണിനെ കണ്ടതോടെ പ്രകോപിതനാകുകയായിരുന്നു. മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ബാറ്റുകൊണ്ടും പൈപ്പ് കൊണ്ടും കിരണിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അടിവയറ്റിലുൾപ്പെടെ മർദനമേറ്റു. മർദനത്തെ തുടർന്ന് കിരൺ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസുകാരെ വിളിച്ചറിയിച്ചത്.

SCROLL FOR NEXT