Source: Social Media 
CRIME

തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകൾ, ശരീരത്തിൽ മുറിവുകൾ, മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകം?

ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായും കണ്ടെത്തി.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. ചിത്രപ്രിയയുടെ ശരീരത്തിലും തലയിലും മർദനമേറ്റ പാടുകൾ കണ്ടെത്തി. തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളുമുണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ള ആളെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഈ കഴിഞ്ഞ ശനിയാഴ്ച മുതലാണ് മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം സ്വദേശി ചിത്രപ്രിയ(19)യെ കാണാതായത്. ചൊവ്വാഴ്ച സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വീട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

സെബിയൂരിലെ പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ചൊവ്വാഴ്ച നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.

പെണ്‍കുട്ടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. കല്ലോ മറ്റ് ആയുധങ്ങളോ ഉപയോഗിച്ച് ആക്രമിച്ചാല്‍ ഉണ്ടാകുന്നതരത്തിലുള്ള മുറിവാണിതെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യയുടെ ലക്ഷണങ്ങളില്ലെന്നും പോലീസ് പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ പരിശോധന നടത്തി.

SCROLL FOR NEXT