കേരളത്തിലെ ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ? പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി

എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ പ്രതിപക്ഷം തയ്യാറായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, വി.ഡി. സതീശൻ
മുഖ്യമന്ത്രി പിണറായി വിജയൻ, വി.ഡി. സതീശൻSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിനിടെ പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് എതിര്‍ത്ത പദ്ധതികളായ ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, തുരങ്കപാത, തീരദേശ ഹൈവേ അടക്കം കെ റെയിൽ വരെയുള്ളവയിലെ ഇപ്പോഴത്തെ നിലപാട് തുറന്ന് പറയണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. കേരളത്തില്‍ നടക്കുന്ന ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ? കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ നല്‍കിയ ഭക്ഷ്യകിറ്റിനെ പോലും തെറ്റായ വ്യാഖ്യാനം നല്‍കി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടില്ലേ? എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ പ്രതിപക്ഷം തയ്യാറായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

യൂത്ത് കോൺഗ്രസ് നേതാവായ എംഎൽഎയുടെ പീഡന പരമ്പര പുറത്തു വന്നപ്പോൾ ‘പ്രതിക്കൂട്ടിൽ ആയത് സിപിഐഎം’ എന്ന ഒരു വിചിത്ര ന്യായം വോട്ടെടുപ്പ് നടക്കുന്ന വേളയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു കേട്ടു. ഇത്തരം പരമാബദ്ധങ്ങൾ കൊണ്ടൊന്നും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ല എന്ന് അദ്ദേഹത്തെ ഓർമിപ്പിക്കട്ടെ.

പ്രതിപക്ഷ നേതാവിന്റെ മറുപടിക്കായി ചിലതു ചോദിക്കട്ടെ.

▶️ ലൈഫ് മിഷന്‍

ലൈഫ് മിഷന്‍ അടക്കമുള്ള 4 മിഷനുകളും പിരിച്ചുവിടുമെന്നാണ് അന്നത്തെ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ എംഎം ഹസ്സന്‍ പ്രഖ്യാപിച്ചത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ഹസ്സനെ തള്ളിപ്പറയുന്നില്ല?

▶️ വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം തുറമുഖത്തിനെതിരെ ഉണ്ടായ, വസ്തുതാവിരുദ്ധമായ എല്ലാ എതിര്‍പ്പുകള്‍ക്കും പിന്തുണ പ്രഖ്യാപിച്ചവരാണ് പ്രതിപക്ഷം. തുറമുഖം കമ്മിഷന്‍ ചെയ്തിരിക്കുന്നു. പഴയ നിലപാടില്‍ പ്രതിപക്ഷ നേതാവ് ഉറച്ചു നില്‍ക്കുമോ?

▶️ തുരങ്കപാത

വയനാട് തുരങ്കപാത അടക്കമുള്ള പദ്ധതികളെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. തുരങ്കപാതയുടെ പണി തുടങ്ങിക്കഴിഞ്ഞു. ഇനിയും എതിര്‍ക്കുമോ?

മുഖ്യമന്ത്രി പിണറായി വിജയൻ, വി.ഡി. സതീശൻ
"വോട്ട് ചോരിയേക്കാൾ വലിയ ദേശവിരുദ്ധ പ്രവർത്തനമില്ല"; എസ്ഐആർ ചർച്ചയിൽ ബിജെപിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

▶️ തീരദേശ ഹൈവേ

തീരദേശ ഹൈവേ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എനിക്ക് കത്ത് നല്‍കുകയുണ്ടായി. നിലവില്‍ അതും പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. എതിര്‍പ്പ് തുടരുന്നുണ്ടോ?

▶️ ക്ഷേമ പെന്‍ഷന്‍

62 ലക്ഷത്തോളം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് വോട്ട് പിടിക്കാനുള്ള കൈക്കൂലിയാണെന്ന് പറഞ്ഞത് ഐഎസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആണ്. ക്ഷേമ പെന്‍ഷന്‍ കൈക്കൂലിയായും അത് വാങ്ങുന്നവരെ കൈക്കൂലി വാങ്ങുന്നവരായും പ്രതിപക്ഷ നേതാവ് കാണുന്നുണ്ടോ?

▶️ ദേശീയപാതാ വികസനം

ദേശീയപാത പൂര്‍ത്തീകരിക്കുന്നതില്‍ ഒരടി പോലും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ്. നന്ദിഗ്രാമിലെ മണ്ണും കൊണ്ട് കീഴാറ്റൂരിലേക്ക് വന്നവര്‍ ഇപ്പോഴും ദേശീയ പാതക്കെതിരെ നിലപാട് തുടരുന്നുണ്ടോ?

▶️ ഗെയില്‍ പൈപ്പ്ലൈന്‍

ഗെയില്‍ പൈപ്പ്ലൈന്‍ നടപ്പാക്കില്ലെന്ന് പറഞ്ഞതും സമരം നയിച്ചതും അന്നത്തെ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരനും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമടക്കമുള്ളവരാണ്. ഗെയില്‍ പൈപ്പ്ലൈന്‍ ഒരു യാഥാര്‍ത്ഥ്യമാണ്. പഴയ നിലപാട് മാറ്റിയോ?

▶️ കിഫ്ബി

കേരളത്തിന്റെ അതിജീവന ബദലായി ഉയര്‍ന്ന കിഫ്ബി വഴി അഭൂതപൂര്‍വ്വമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നോക്കിയപ്പോള്‍ അതിനും കൂട്ടുനില്‍ക്കുന്നില്ലേ? കിഫ്ബി മുഖേന നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തള്ളിപ്പറയുമോ?

▶️ കിഫ്ബി വഴി നാട്ടിലെ സ്കൂളുകളും ആശുപത്രികളും മറ്റ് സൗകര്യങ്ങളും ലോകോത്തരമാക്കുന്നതിനെ പറ്റി പ്രതിപക്ഷത്തിന്റെ നിലവിലെ നിലപാട് എന്താണ്?

▶️ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി

അതിദാരിദ്ര്യ മുക്തി എന്നു നമ്മുടെ ലോക ശ്രദ്ധയാകർഷിച്ച നേട്ടത്തെ പാവപ്പെട്ടവര്‍ക്ക് റേഷന്‍ കിട്ടുന്നതിന് തടസ്സമാകും എന്ന് പ്രചരിപ്പിച്ചതും അതുറപ്പിക്കാന്‍ പാര്‍ലമെന്റില്‍പോലും ഇടപെട്ടതും ശരിയായ കാര്യമാണ് എന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ?

മുഖ്യമന്ത്രി പിണറായി വിജയൻ, വി.ഡി. സതീശൻ
കേരളത്തിൽ എസ്ഐആർ നടപടികൾ ഡിസംബർ 18 വരെ നീട്ടി; രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

▶️ കേരള ബാങ്ക്

കേരള ബാങ്ക് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞത് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്. ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞതാകട്ടെ കേരള ബാങ്ക് നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ വിവരമറിയുമെന്നും. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള ബാങ്ക് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് സര്‍ക്കാര്‍ ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറണമെന്നാണ്. കേരള ബാങ്ക് നിലവില്‍ വന്നില്ലേ? ഇക്കാര്യത്തില്‍ യുഡിഎഫിന്റെ നിലവിലെ നിലപാട് എന്താണ്?

▶️ കെ ഫോണ്‍

കെ ഫോണ്‍ പദ്ധതിക്കെതിരെ വ്യവഹാരത്തിനു ചെന്നപ്പോള്‍ പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ്റോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റോ എന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ചോദിച്ചത്. ഏതാണ് പ്രതിപക്ഷ നേതാവിന്റെ ഇന്ററസ്റ്റ്?

▶️ ചൂരല്‍മല-മുണ്ടക്കൈ

ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സും വീട് വെച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചതല്ലേ? യൂത്ത് കോണ്‍ഗ്രസ്സ് പണം പിരിച്ചതല്ലേ? എത്ര വീടാണ് വെക്കുന്നതെന്നും അത് എവിടെയൊക്കെയാണ് വെക്കുന്നത് എന്നും വെളിപ്പെടുത്താമോ?

▶️ കെ-റെയില്‍

സില്‍വര്‍ ലൈനിന്റെ കുറ്റി പറിക്കാന്‍ സമരം ചെയ്ത പ്രതിപക്ഷത്തിന് കേരളത്തില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന റെയില്‍പാത വേണ്ട എന്നു അഭിപ്രായമുണ്ടോ?

ചോദ്യങ്ങള്‍ ഇനിയുമുണ്ട്. അവയെല്ലാം ചേര്‍ത്ത് ഒറ്റ ചോദ്യം കൂടി: കേരളത്തില്‍ നടക്കുന്ന ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ? കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ നല്‍കിയ ഭക്ഷ്യകിറ്റിനെ പോലും തെറ്റായ വ്യാഖ്യാനം നല്‍കി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടില്ലേ? എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ തയ്യാറായിട്ടുണ്ടോ?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com