അരുംകൊലയുടെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്  Source: News Malayalam24x7
CRIME

ബിഹാറിൽ പരോളിനിറങ്ങിയ പ്രതിയെ ആശുപത്രിയിൽ വെടിവെച്ച് കൊന്നു; ഒരാൾ അറസ്റ്റിൽ

പരോൾ തീരാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് പ്രതിയെ കൊലപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

പട്‌ന: ബിഹാറിൽ പരോളിനിറങ്ങി ചികിത്സയിലായിരുന്ന പ്രതിയെ ആശുപത്രിക്കുള്ളിൽ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. അഞ്ചംഗ സംഘത്തിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പട്‌നയിലെ പരസ് ആശുപത്രിയിലാണ് സംഭവം. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ ചന്ദൻ മിശ്രയാണ് കൊല്ലപ്പെട്ടത്. പരോൾ തീരാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് പ്രതിയെ കൊലപ്പെടുത്തിയത്.

ആയുധധാരികളായ അഞ്ചു പേർ ആശുപത്രിയിലെ രോഗിയുടെ മുറി ലക്ഷ്യമാക്കി എത്തുന്നതും, വാതിലിനരികിൽ വച്ച് കയ്യിലെ തോക്ക് റീലോഡ് ചെയ്യുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുറിയിൽ കയറി രോഗിയെ ലക്ഷ്യമാക്കി നിറയൊഴിച്ച ശേഷം രക്ഷപ്പെടുന്നതും കാണാം.

ബക്സർ സ്വദേശിയായ ചന്ദൻ മിശ്ര കഴിഞ്ഞ 12 വർഷമായി ജയിലിലാണ്. ഭഗൽപൂർ ജയിലിൽ നിന്ന് രണ്ടാഴ്ചയ്ക്ക് മുൻപാണ് ചികിത്സക്കായി പുറത്തിറങ്ങിയത്. രോഗ ബാധിതനായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 15 ദിവസത്തെ പരോള്‍ അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് പൊലീസ് സുരക്ഷയിലായിരുന്ന ചന്ദന് നേരെ ആക്രമണമുണ്ടായത്. ചന്ദൻ മിശ്രക്ക് നേരെ നാല് റൗണ്ട് നിറയൊഴിച്ചതായാണ് റിപ്പോർട്ട്.

കൊലപാതകത്തിൽ അന്വേഷണം തുടരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ചന്ദൻ മിശ്രയുടെ എതിർ സംഘത്തിലുള്ളവരാകാം അക്രമികളെന്നാണ് പൊലീസിൻ്റെ നിഗമനം. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്കും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പടുത്തിരിക്കെ വലിയ ക്രമസമാധാന തകര്‍ച്ചയിലാണ് ബിഹാര്‍. ദിവസങ്ങളുടെ വ്യത്യാസത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ബിജെപി നേതാക്കളും അഭിഭാഷകനും സാധാരണക്കാരുമുൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്നും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.

ജൂലൈ നാലിനാണ് പ്രമുഖ വ്യവസായിയും ബിഹാറിൽ നിന്നുള്ള ബിജെപി നേതാവുമായ ഗോപാൽ ഖേംക വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. മറ്റൊരു ബിജെപി നേതാവായ സുരേന്ദ്ര കെവാട്ടും സമാനമായ രീതിയിൽ കൊല്ലപ്പെടുകയുണ്ടായി. വ്യവസായിയായ പുട്ടു ഖാനും അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്. പട്‌നയിൽ തന്നെയാണ് പലചരക്കുകട ഉടമ വിക്രം ഝായും വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.

തോക്ക് ഉപയോഗിച്ചുള്ള ഏറ്റവും ഒടുവിലത്തെ കൊലപാതകം അഭിഭാഷകനായ ജിതേന്ദ്രകുമാറിൻ്റേതായിരുന്നു. പട്‌നയിലെ സുല്‍ത്താന്‍പുര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം നടന്നത്.

SCROLL FOR NEXT