representative image 
CRIME

കാറോടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെള്ളം തെറിപ്പിച്ചു; കൈവിരല്‍ കടിച്ചു മുറിച്ചു

ആഴത്തിലുള്ള മുറിവായതിനാല്‍ സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നതെന്നും ദമ്പതികള്‍

Author : ന്യൂസ് ഡെസ്ക്

വാഹനമോടിക്കുമ്പോള്‍ അബദ്ധത്തില്‍ വെള്ളം തെറിപ്പിച്ചതിന്റെ പേരില്‍ കൈവരില്‍ കടിച്ചു മുറിച്ചതായി പരാതി. ബെംഗളൂരുവിലാണ് സംഭവം. ജയന്ത് ശേഖര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കാറില്‍ ഭാര്യക്കും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിച്ചു വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയന്ത് ശേഖര്‍.

ഒമ്പത് മണിയോടെ ലുലു മാള്‍ അണ്ടര്‍പാസിനു സമീപത്ത് സിഗ്നല്‍ കഴിഞ്ഞ് വണ്ടി തിരിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന വാഹനത്തിലേക്ക് അബദ്ധത്തില്‍ വെള്ളം തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ വണ്ടി തടഞ്ഞ് പുറത്തിറങ്ങി ആക്രമിക്കുകയായിരുന്നുവെന്ന് ജയന്ത് ശേഖറും ഭാര്യ പാര്‍വതിയും പറയുന്നു.

തങ്ങളുടെ കാറിനു സമീപത്തുണ്ടായിരുന്ന i20 കാറിലുണ്ടായിരുന്ന സ്ത്രീയും ഡ്രൈവറും ചീത്ത വിളിക്കുകയും വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവരുടെ കാറിന്റെ വിന്‍ഡോ താഴ്ത്തിയിരുന്നതിനാലാണ് വെള്ളം തെറിച്ചത്.

പിന്നീട് കാര്‍ തടഞ്ഞ് പുറത്തിറങ്ങിയ സ്ത്രീയും പുരുഷനും ജയന്ത് ശേഖറിനെ പുറത്തിറക്കി ആക്രമിക്കുകയായിരുന്നുവെന്ന് പാര്‍വതി പറയുന്നു. സ്ത്രീക്കൊപ്പമുണ്ടായിരുന്ന പുരുഷന്‍ ഭര്‍ത്താവിന്റെ വിരല്‍ കടിച്ചു മുറിച്ചുവെന്നും പാര്‍വതിയുടെ പരാതിയില്‍ വ്യക്തമാക്കി.

വലതു കൈയ്യിലെ മോതിര വിരലിലാണ് കടിച്ചത്. ആഴത്തിലുള്ള മുറിവായതിനാല്‍ സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നതെന്നും ദമ്പതികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അബദ്ധത്തില്‍ സംഭവിച്ച തെറ്റിന് രണ്ട് ലക്ഷം രൂപയെങ്കിലും ചെലവാകുമെന്നാണ് ദമ്പതികളുടെ പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT