കന്നഡ ഭാഷാ വിവാദം: കമല്‍ ഹാസന്‍ മാപ്പ് പറഞ്ഞില്ല, 'തഗ് ലൈഫ്' വിലക്കി ചേംബര്‍

മാപ്പ് പറഞ്ഞില്ലെങ്കില്‍ സിനിമ കര്‍ണാടകയില്‍ വിലക്കുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചിരുന്നു. എന്നാല്‍ കമല്‍ ഹാസന്‍ തെറ്റ് ചെയ്‌തെങ്കിലെ താന്‍ മാപ്പ് പറയൂ, അല്ലെങ്കില്‍ പറയില്ലെന്ന് പറയുകയായിരുന്നു.
തഗ് ലൈഫ്
തഗ് ലൈഫ്
Published on

കമല്‍ ഹാസന്‍ ചിത്രം 'തഗ് ലൈഫി'ന് കര്‍ണാടകയില്‍ വിലക്ക്. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെതാണ് തീരുമാനം. കമല്‍ ഹാസന്‍ പരസ്യമായി മാപ്പ് പറയും വരെ വിലക്ക് തുടരുമെന്നും ചേംബര്‍ വ്യക്തമാക്കി. കമല്‍ ഹാസന്‍ വിഷയത്തില്‍ മാപ്പ് പറയില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് ചേംബറിന്റെ ഈ തീരുമാനം. 'തഗ് ലൈഫ്' സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രമോഷന്‍ പരിപാടിയില്‍ വെച്ച് "കന്നഡ ജനിച്ചത് തമിഴില്‍ നിന്നാണ്" എന്ന പരാമര്‍ശം നടന്‍ നടത്തിയിരുന്നു. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്. അതിന് പിന്നാലെ മാപ്പ് പറഞ്ഞില്ലെങ്കില്‍ സിനിമ കര്‍ണാടകയില്‍ വിലക്കുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചിരുന്നു. എന്നാല്‍ കമല്‍ ഹാസന്‍ തെറ്റ് ചെയ്‌തെങ്കിലെ താന്‍ മാപ്പ് പറയൂ, അല്ലെങ്കില്‍ പറയില്ലെന്ന് പറയുകയായിരുന്നു.

"ഇതൊരു ജനാധിപത്യ രാജ്യമാണ്. ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു. കര്‍ണാടക, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളോട് എനിക്കുള്ള സ്‌നേഹം സത്യമാണ്. ഏതെങ്കിലും പ്രത്യേക അജണ്ടയുളളവരല്ലാത്ത ആരും ആ സ്‌നേഹത്തെ തെറ്റിധരിക്കില്ല. ഇതിന് മുന്‍പും എന്നെ ആളുകള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പറഞ്ഞത് തെറ്റാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും മാപ്പ് പറയും. പക്ഷെ അല്ലെങ്കില്‍ പറയില്ല", എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കൂടിയായ കമല്‍ ഹാസന്‍ പറഞ്ഞത്.

കമല്‍ ഹാസന്റെ പ്രസ്താവന കന്നഡക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക രക്ഷണ വേദികെ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫിലിം ചേംബര്‍ നടന് ക്ഷമ പറയാന്‍ 24 മണിക്കൂര്‍ സമയം നല്‍കിയത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ സിനിമ വിലക്കുമെന്നും അറിയിച്ചു.

തഗ് ലൈഫ്
"ആ വാക്കിന് തുടക്കമിട്ടത് റഹ്‌മാനാണ്"; വിന്‍വിളി നായകാ എഴുതിയതിനെ കുറിച്ച് ഗാനരചയ്താവ്

നേരത്തെ കമല്‍ ഹാസന്‍ കന്നഡ ഭാഷാ വിവാദത്തില്‍ തന്റെ പ്രസ്താവന സ്‌നേഹം കൊണ്ട് നടത്തിയതാണെന്നാണ് പറഞ്ഞത്. സ്‌നേഹമുള്ളപ്പോള്‍ ഒരിക്കലും മാപ്പ് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ താരം പറഞ്ഞത് തന്റെ പരാമര്‍ശത്തില്‍ വിവാദമുണ്ടാക്കുന്നവര്‍ വിഷയത്തെ വളച്ചൊടിക്കുകയാണ് എന്നായിരുന്നു. "ഞാന്‍ സംസാരിച്ചത് സ്‌നേഹത്തിന്റെ പുറത്താണ്. നിരവധി ചരിത്രകാരന്‍മാര്‍ എനിക്ക് ഭാഷയുടെ ചരിത്രം പഠിപ്പിച്ചു തന്നിട്ടുണ്ട്. ഞാന്‍ തെറ്റായ ഒന്നും ഉദ്ദേശിച്ചിട്ടില്ല", എന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ജൂണ്‍ അഞ്ചിനാണ് മണിരത്‌നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' തിയേറ്ററിലെത്തുന്നത്. 'നായകന്' ശേഷം മണിരത്‌നവും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com