പരിക്കേറ്റ സുദർശൻ Source: News Malayalam 24x7
CRIME

മർദനത്തിൽ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടമായി, പരിക്കേറ്റ ജനനേന്ദ്രിയം മുറിച്ചുമാറ്റി; കൊടുങ്ങല്ലൂരിൽ യുവാവ് നേരിട്ടത് അതിക്രൂര പീഡനം

ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനെയാണ് അജ്ഞാതർ മാരകമായി പരിക്കേൽപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കൊടുങ്ങല്ലൂരിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവ് നേരിട്ടത് അതിക്രൂര പീഡനം. ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനെയാണ് അജ്ഞാതർ മാരകമായി പരിക്കേൽപ്പിച്ചത്. ചികിത്സയുടെ ഭാഗമായി ജനനേന്ദ്രിയം മുറിച്ച് മാറ്റപ്പെട്ട യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടമായി. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മനുഷ്യത്വ രഹിതമായ ക്രൂരതയാണ് ആലപ്പുഴ കുത്തിയതോട് സ്വദേശി എം.സി സുദർശനന് നേരിടേണ്ടി വന്നത്. ജനനേന്ദ്രിയത്തിൽ മാരകമായി മുറിവേൽപ്പിച്ചതിനെ തുടർന്ന് അവയവം മുറിച്ച് മാറ്റേണ്ടി വന്നു. കുത്തിപ്പരിക്കേൽപ്പിച്ച ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി , വയറിലും പുറത്തുമായി കുത്തേറ്റ് ആഴത്തിൽ മുറിവുണ്ട്, നെഞ്ച് മുതൽ വയറുവരെയുള്ള ഭാഗങ്ങൾ കത്തിക്കൊണ്ട് മുറിവേൽപ്പിച്ച നിലയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇക്കഴിഞ്ഞ 16ാം തിയതി മുതലാണ് തുറവൂരിലെ ഒരു ചായക്കടയിൽ ജോലിക്ക് നിന്നിരുന്ന സുദർശനനെ കാണാതാവുന്നത്. 21ന് കൊടുങ്ങല്ലൂരിലെ പണിക്കേർഴ്സ് ഹാളിന് സമീപം റോഡിൽ പരിക്കേറ്റ് നഗ്നനായി കിടക്കുന്ന നിലയിലാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്.

കൊടുങ്ങല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റയാൾ സുദർശനനാണെന്ന് സ്ഥിരീകരിക്കുന്നത്. തുറവൂർ സ്വദേശിയായ ഒരാളുമായി സുദർശൻ 16ന് വൈകീട്ട് വഴക്കുണ്ടാക്കിയിരുന്നുവെന്നും ഇതിന് ശേഷമാണ് ഇയാളെ കാണാതായതെന്നും സഹോദരൻ മുരുകൻ പറയുന്നു. സഹോദരനുമായി വഴക്കിട്ടയാളുകൾ തന്നെയാകാം സംഭവത്തിന് പിന്നിലെന്നാണ് മുരുകന്റ സംശയം.

തുറവൂരിലെ ഒരു കൊലപാതക കേസിലടക്കം ഒൻപതു കേസുകളിൽ പ്രതിയാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുദർശനൻ. എന്നാൽ ഇയാളെ ആക്രമിച്ചതോ തട്ടിക്കൊണ്ട് പോയതോ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ആയുധം കൊണ്ട് മാരകമായി മുറിവേൽപ്പിച്ച കുറ്റം ചുമത്തി കേസ് എടുത്ത കൊടുങ്ങല്ലൂർ പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പരിക്കേറ്റയാൾ അബോധാവസ്ഥയിലായതിനാൽ മൊഴി രേഖപ്പെടുത്താനായിട്ടില്ലെന്നുമാണ് കൊടുങ്ങല്ലൂർ പൊലീസ് നൽകുന്ന വിശദീകരണം.

SCROLL FOR NEXT