താമരശേരി: വാഹന പരിശോധനയ്ക്കിടെ കാറില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസമാണ് താമരശേരി ചുരത്തില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ യുവാവ് കാറില്‍ നിന്ന് ഇറങ്ങിയോടി വ്യൂ പോയിന്റില്‍ നിന്ന് ചാടിയത്. ഇന്നലെ മുതല്‍ ഇയാള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയായിരുന്നു.
തിരൂരങ്ങാടി സ്വദേശി ഷഫീക്കാണ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയിരുന്നു. പൊലീസ് കാര്‍ തടഞ്ഞതോടെ പുറത്തേക്കിറങ്ങി ഓടിയ ഷെഫീക്ക് ചുരത്തില്‍ നിന്ന് എടുത്തുചാടുകയായിരുന്നു.
ഇന്ന് രാവിലെ പരിക്കുകളോടെ നടന്നു പോകുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി അറസ്റ്റ് ചെയ്ത യുവാവിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് ഭാഗത്തു നിന്ന് വയനാട്ടിലേക്ക് എംഡിഎംഎ കടത്തുകയായിരുന്നു. കാറില്‍നിന്ന് പോലീസ് 20.35 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനമാകെ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വൈത്തിരി പൊലീസ് വാഹന പരിശോധ നടത്തിയത്.
പരിശോധനക്കിടയില്‍ ഷഫീഖ് സഞ്ചരിച്ച കാറും പൊലീസിന്റെ കണ്ണില്‍പെട്ടു. തടഞ്ഞ് ചോദ്യം ചെയ്തതോടെ ഷഫീക് ഇറങ്ങി ഓടി ചുരത്തില്‍ നിന്ന് താഴേക്ക് ചാടി. വയനാട് ഗേറ്റിനും ചുരം പോയിന്റിനും ഇടയില്‍ 20 അടിയോളം താഴ്ച്ചയിലേക്കാണ് ഇയാള്‍ ചാടിയത്. ഇവിടെ നിന്ന് വനത്തിനുള്ളിലേക്ക് ഓടിക്കയറിയ ഷഫീക്കിനായി പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഉച്ചവരെ തിരച്ചില്‍ നടത്തി. ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തി.
ഇന്ന് രാവിലെ പ്രദേശവാസികളാണ് പരിക്കുകളോടെ ഇയാളെ കണ്ടെത്തിയത്.