ഗോവിന്ദച്ചാമി ജയിൽ ചാടിയത് സർക്കാർ സംവിധാനത്തിന്റെ വീഴ്ചയെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും എംപിയുമായ സി. സദാനന്ദൻ. എന്താണോ ശാസ്ത്രീയമായി ചെയ്യേണ്ടത്, അത് സർക്കാർ ചെയ്യേണ്ടതാണ്. എന്നാൽ, അത് സർക്കാർ ചെയ്യുന്നില്ല എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്ന ആദ്യകാര്യമെന്നും സദാനന്ദൻ പ്രതികരിച്ചു. ഗോവിന്ദച്ചാമിയെ പോലെയുള്ള ആളുകൾ സമൂഹത്തിൽ ഉണ്ടാകരുത്, സ്ത്രീകൾ അനുഭവിച്ച് വരുന്ന പ്രയാസങ്ങളുടെ പ്രതീകമാണ് ഗോവിന്ദച്ചാമിയെന്നും സി. സദാനന്ദൻ പ്രതികരിച്ചു. ലീഡേഴ്സ് മോർണിങ്ങിൽ ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു സി. സദാനന്ദൻ.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ വലിയ മുന്നേറ്റം ബിജെപിയും എൻഡിഎയും കരസ്ഥമാക്കുമെന്ന് വിശ്വസിക്കുന്നതായും സി. സദാനന്ദൻ കൂട്ടിച്ചേർത്തു. വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യത്തിൻ്റെ കേരള പതിപ്പ്, വികസിത കേരളമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തങ്ങളുയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. വികസിത കേരളം എങ്ങനെ സാക്ഷാത്കരിക്കാമെന്ന് കൃത്യമായി പൊതുസമൂഹത്തിേലക്ക് പ്രചരിപ്പിക്കാൻ പദ്ധതികളുണ്ട്. പാർട്ടിയുടെ അടിസ്ഥാന ഘടകങ്ങളിൽ വരെ ഈ വിഷയവുമായി ബന്ധപ്പെട്ട് സർഗാത്മകമായ ചർച്ചകൾ നടക്കുന്നുണ്ട്. ആ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഏറ്റവും നല്ല പദ്ധതി ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. അത് ജനസമക്ഷം അവതരിപ്പിക്കുമ്പോൾ ജനം ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും സി. സദാനന്ദൻ കൂട്ടിച്ചേർത്തു.