മാവുവിള സ്വദേശി പ്രിയംവദ Source: News Malayalam 24x7
CRIME

പ്രിയംവദയുടെ മൃതദേഹം മൂന്ന് ദിവസം കട്ടിലിനടിയില്‍ ഒളിപ്പിച്ചു; കുട്ടികള്‍ കണ്ടെത്തിയതോടെ വീടിനു പുറകില്‍ കുഴിച്ചിട്ടു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വെള്ളറടയില്‍ കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന് അയല്‍വാസിയുടെ കുറ്റസമ്മതം. വിനോദിന്റെ വീടിനു പുറകില്‍ കുഴിച്ചിട്ട പ്രിയംവദയുടെ മൃതദേഹവും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് മൃതദേഹം കുഴിച്ചിട്ടതെന്നും വിനോദ് പൊലീസിനോട് സമ്മതിച്ചു. വിനോദിൻ്റെ ഭാര്യാമാതാവ് നൽകിയ മൊഴിയാണ് നിർണായകമായത്.

പ്രിയംവദയുമായുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞത്. തര്‍ക്കത്തിനിടയില്‍ വിനോദ് പ്രിയംവദയെ മര്‍ദിച്ചു. ബോധരഹിതയായ പ്രിയംവദയെ വീട്ടിലേക്ക് കൊണ്ടുപോയി മുറിയില്‍ കിടത്തി. വിനോദിന്റെ വീട്ടിലേക്കുള്ള വഴിയില്‍ വെച്ചാണ് മര്‍ദിച്ചത്. ഈ മാസം 12 നായിരുന്നു സംഭവം.

ബോധം വന്നതിനു പിന്നാലെ പ്രിയംവദ ബഹളം വെച്ചതോടെയാണ് കൊലപ്പെടുത്തിയത്. വാപൊത്തിപ്പിട്ടിച്ചതോടെ ശ്വാസം നിലച്ചാണ് യുവതി മരിച്ചത്. തുടര്‍ന്ന് മൂന്ന് ദിവസമാണ് മൃതദേഹം വിനോദ് തന്റെ മുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചുവെച്ചത്.

വിനോദും രണ്ട് കുട്ടികളും ഭാര്യാമാതാവുമാണ് വീട്ടില്‍ കഴിയുന്നത്. വിനോദിന്റെ ഭാര്യ വിദേശത്താണ്. കുട്ടികളാണ് കഴിഞ്ഞ ദിവസം രാത്രി കട്ടിലിനടിയില്‍ ചോര പുരണ്ട ചാക്കും കാലും കണ്ടത്. മുറിയില്‍ നിന്ന് രൂക്ഷഗന്ധം വന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ചാക്കില്‍ കാല് കണ്ടത്. കുട്ടികള്‍ മുത്തശ്ശിയോട് വിവരം പറഞ്ഞെങ്കിലും രാത്രി ആയതിനാല്‍ മുത്തശ്ശി ഇതത്ര കാര്യമാക്കിയിരുന്നില്ല. പുലര്‍ച്ചയോടെ വിനോദ് മൃതദേഹം വീടിന്റെ പുറകുവശത്ത് കുഴിച്ചിടുകയായിരുന്നു.

പിറ്റേന്ന് വിദേശത്തുള്ള അമ്മയുമായി സംസാരിക്കുമ്പോള്‍ കുട്ടികൾ ഈ കാര്യം പങ്കുവെച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിനോദിനെയും വെള്ളറട പൊലീസിനെയും വിവരമറിയിച്ചത്. പൊലീസ് കുട്ടികളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് മുത്തശ്ശിയോട് പറഞ്ഞ അതേ വിവരം ഉദ്യോഗസ്ഥരോടും പങ്കുവെച്ചത്. വിശദ പരിശോധനയ്‌ക്കെത്തിയപ്പോള്‍ വീട് ഉള്‍പ്പെടെ കഴുകി വൃത്തിയാക്കുന്ന വിനോദിനെയാണ് കണ്ടത്.

കട്ടിനടിയില്‍ ഉള്‍പ്പെടെ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രിയംവദയെ കൊന്ന് കുഴിച്ച് മൂടിയെന്ന് വിനോദ് പറയുകയായിരുന്നു. പരിശോധനയില്‍ മൃതദേഹം വീടിന് പിറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

ഈ മാസം പന്ത്രണ്ടിനാണ് വെളളറട പനച്ചമുട് മാവുവിള സ്വദേശി പ്രിയംവദയെ കാണാതായത്. പ്രിയംവദയെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വീടിനടുത്തുള്ള കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരിയാണ് പ്രിയംവദ. വൈകിട്ട് 6 മണിയായിട്ടും ജോലിക്ക് പോയി മടങ്ങി വരാത്തതിനെ തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

SCROLL FOR NEXT