ഭദ്രമ്മ  Image: Social media
CRIME

സ്വര്‍ണമാലയ്ക്കു വേണ്ടി കഴുത്തു ഞെരിച്ചു കൊന്നു; വയോധികയുടെ മൃതദേഹം അയല്‍വാസി വീട്ടില്‍ സൂക്ഷിച്ചത് രണ്ട് ദിവസം

ഒക്ടോബര്‍ 30 നാണ് ഭദ്രമ്മയെ കാണാതായത്

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരുവിനടുത്തുള്ള ആനേക്കല്‍ താലൂക്കിലെ കൂഗുരു സ്വദേശിയായ ഭദ്രമ്മ (68) എന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഒക്ടോബര്‍ 30 നാണ് ഭദ്രമ്മയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ ഒക്ടോബര്‍ 31 ന് സര്‍ജാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഭദ്രമ്മയെ കണ്ടെത്താനായില്ല.

അന്വേഷണം തുടരുന്നതിനിടയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നവംബര്‍ 6 നാണ് ഇതു സംബന്ധിച്ച സൂചന പൊലീസിനു ലഭിക്കുന്നത്. ഗ്രാമത്തിലുള്ള ദീപ എന്ന സ്ത്രീയെയാണ് ഭദ്രമ്മ അവസാനമായി കണ്ടതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ദീപയെ വിശദമായി ചോദ്യം ചെയ്തു.

ഇതോടെയാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഭദ്രമ്മയെ കൊന്നതാണെന്ന് ദീപ പൊലീസിനോട് സമ്മതിച്ചു. ഭദ്രമ്മയുടെ കഴുത്തിലെ സ്വര്‍ണമാല തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്ന് ദീപ പൊലീസിനോട് പറഞ്ഞു.

മാല കൈവശപ്പെടുത്താനായി ഭദ്രമ്മയെ ദീപ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. ഇവിടെ വെച്ച് വയോധികയെ ദീപ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. ഇതിനു ശേഷം മൃതദേഹം വലിയ ബാഗിലാക്കി രണ്ട് ദിവസം സ്വന്തം വീട്ടില്‍ തന്നെ ദീപ സൂക്ഷിച്ചുവെച്ചു.

മൃതദേഹം ജീര്‍ണിച്ച് ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ മറ്റൊരു ബാഗിലേക്ക് മാറ്റി. മാലിന്യം കളയണമെന്ന് മകനോട് പറഞ്ഞ ദീപ മൃതദേഹവുമായി സമീപത്തുള്ള നദിക്കരയിലെത്തി. നദിക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ ബാഗ് ഉപേക്ഷിച്ചു മടങ്ങി.

ഇതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ ദീപ ഒന്നും സംഭവിക്കാത്തതു പോലെ സ്വാഭാവികമായി തന്നെ പെരുമാറാന്‍ തുടങ്ങി. ഭദ്രമ്മയെ കാണാതായതിനെ കുറിച്ച് ബന്ധുക്കള്‍ ദീപയോട് പറഞ്ഞിരുന്നു. എന്നാല്‍ യാതൊരു സംശയത്തിനും ഇടവരാത്ത രീതിയിലായിരുന്നു ദീപയുടെ പെരുമാറ്റം. തന്റെ വീട്ടില്‍ നിന്നും ഭദ്രമ്മ തിരിച്ചു പോയിരുന്നതായി ദീപ കുടുംബത്തോട് പറഞ്ഞു.

പൊലീസ് അന്വേഷണത്തില്‍ നദിക്കരയില്‍ ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തി. കൊലപാകതത്തില്‍ ദീപയുടെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. ഭദ്രമ്മയില്‍ നിന്നും ദീപ കൈവശപ്പെടുത്തിയ സ്വര്‍ണമാലയെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

SCROLL FOR NEXT