നേഘ, ഭർതൃമാതാവ് ഇന്ദിര  NEWS MALAYALAM 24X7
CRIME

ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവം: ഭർത്താവിൻ്റെ അമ്മയെ അറസ്റ്റ് ചെയ്തു

നേഘയുടെ ഭര്‍ത്താവ് പ്രദീപ് നേരത്തേ അറസ്റ്റിലായിരുന്നു

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: വടക്കഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ നേഘ എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ ഒരു അറസ്റ്റ് കൂടി. ഭര്‍ത്താവിന്റെ അമ്മ തോണിപ്പാടം കല്ലിങ്ങല്‍ വീട് ഇന്ദിര (52)യെയാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.

നേഘയുടെ ഭര്‍ത്താവ് പ്രദീപ് നേരത്തേ അറസ്റ്റിലായിരുന്നു. പ്രദീപ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപുളി സ്വദേശി നേഘ (26) യെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണാ കുറ്റം, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രദീപിനും ഇന്ദിരയ്ക്കുമെതിരെ കേസെടുത്തത്.

നേഘയുടെ മരണം ആലത്തൂര്‍ ഡിവൈഎസ്പി എന്‍. മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. നേഘയുടെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

ബുധനാഴ്ച രാത്രി 10 മണിക്ക് വീട്ടിലേക്ക് വിളിച്ച് സംസാരിച്ച നേഘ നാളെ വിളിക്കാം എന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. അന്നേ ദിവസം രാത്രി 12.20 ഓടെ നേഘ കുഴഞ്ഞു വീണെന്ന് ഭര്‍ത്താവ് പ്രദീപ് ഫോണിലൂടെ നേഘയുടെ കുടുംബത്തെ അറിയിച്ചു.

നേഘയെ ആശുപത്രിയില്‍ എത്തിച്ചതിനുപിന്നാലെ ഡോക്ടര്‍മാര്‍ക്ക് അസ്വാഭിവകത തോന്നുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നേഘയുടേത് തൂങ്ങിമരണം എന്നാണ് പറയുന്നത്.

SCROLL FOR NEXT