ലഖ്നൗ: സ്ത്രീധന പീഢനത്തെ തുടർന്ന് യുവതിയെ ഭർതൃ വീട്ടുകാർ മുറിക്കുള്ളിൽ പൂട്ടിയിട്ട് പാമ്പിനെ കൊണ്ട് കടിപ്പിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. 2021 മാർച്ച് 19 നായിരുന്നു രേഷ്മയും ഷാനവാസും തമ്മിലുള്ള വിവാഹം. വിവാഹം കഴിച്ച് വന്ന ആദ്യ ദിവസം മുതൽക്കേ ഷാനവാസിന്റെ കുടുംബം രേഷ്മയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നു.
രേഷ്മ നൽകിയ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു പീഡനം. പിന്നീട് ഒന്നര ലക്ഷം രൂപ രേഷ്മയുടെ വീട്ടുകാർ നൽകിയെങ്കിലും വീണ്ടും അഞ്ച് ലക്ഷം കൂടി വേണമെന്ന് ഭർത്തൃവീട്ടുകാർ ആവശ്യപ്പെട്ടു. ഭർത്താവിന്റെ വീട്ടുകാരുടെ നിരന്തരമായ പീഡനത്തെ തുടർന്ന് രേഷ്മ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.
പതിവ് പോലെ കഴിഞ്ഞ ദിവസം രാത്രിയിലും രേഷ്മയോട് സ്ത്രീധനത്തിന്റെ പേരിൽ ഷാനവാസിന്റെ വീട്ടുകാർ വഴക്കിട്ടു. ക്രൂരമായി മർദിച്ച ശേഷം ഭക്ഷണമോ, വെള്ളമോ പോലും നൽകാതെ രേഷ്മയെ അവർ മുറിക്കുള്ളിൽ പൂട്ടിയിട്ടു. പിന്നീട് മുറിക്കുള്ളിലേക്ക് വിഷപാമ്പിനെ ഇറക്കിവിട്ടു. പാമ്പിന്റെ കടിയേറ്റ് രേഷ്മ കരഞ്ഞു നിലവിളിച്ചെങ്കിലും കുടുംബം തിരിഞ്ഞ് പോലും നോക്കിയില്ല.
പിന്നീട് രേഷ്മ തന്റെ സഹോദരി റിസ്വാനയെ ഫോണിൽ ബന്ധപ്പെട്ടു. വിവരമറിഞ്ഞെത്തിയ റിസ്വാന മുറി തുറന്ന് നോക്കുമ്പോൾ കണ്ടത് അവശനിലയിൽ കിടക്കുന്ന രേഷ്മയെ ആണ്. ഉടൻ തന്നെ രേഷ്മയെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചെങ്കിലും ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. റിസ്വാനയുടെ പരാതിയിൽ ഷാനവാസിനും, മാതാപിതാക്കൾക്കും, മൂത്ത സഹോദരൻ, സഹോദരി മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.