ഡൽഹി: അമേരിക്ക നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ടാനേതാവ് അൻമോൽ ബിഷ്ണോയിയുടെ കസ്റ്റഡി എൻഐഎ ഏഴ് ദിവസത്തേക്ക് കൂടി നീട്ടി. നവംബർ 19 നാണ് പ്രത്യേക കോടതി ബിഷ്‌ണോയിയെ 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടത്. അൻമോൽ ബിഷ്‌ണോയിക്ക് വധഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻഐഎ കോടതി ജഡ്ജ്, എൻഐഎ ആസ്ഥാനത്തെത്തിയാണ് വാദം കേട്ടത്. ജയിലിൽ കഴിയുന്ന ഗുണ്ടാതലവന്‍ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും, ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതിയുമാണ് അന്‍മോല്‍.
2024 ൽ സൽമാൻഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവെയ്പ്പടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. സൽമാൻ ഖാനെതിരെ നിരന്തരം ഭീഷണി ഉയർത്തുന്നവരാണ് ബിഷ്ണോയ് സമൂഹം. നിരവധി തവണ വധഭീഷണിയും മുഴക്കിയിരുന്നു. സല്‍മാന്‍ ഖാനെതിരെ മാത്രമല്ല നടനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും തങ്ങളുടെ തോക്കിനിരയാവുമെന്ന ഭീഷണിയും ബിഷ്‌ണോയ് ഗ്യാങ് ഉയർത്തിയിരുന്നു.
ബിഷ്ണോയ് വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തിയതാണ് സല്‍മാനോടുള്ള പകയ്ക്ക് കാരണമായി സംഘം പറയുന്നത്. വിശുദ്ധ മൃഗമായി ബിഷ്ണോയ് വിഭാഗം കരുതുന്ന കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ ജോധ്‌പൂരിനു സമീപമുള്ള മതാനിയയിലെ ബവാദില്‍ വെച്ച് വേട്ടയാടിയെന്നും സംഘം പറയുന്നു. 1998ല്‍ 'ഹം സാത് സാത് ഹേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് വേട്ടയാടൽ നടന്നത്.