

ന്യൂഡല്‍ഹി: ഗുജറാത്തിലെ യുവ രാഷ്ട്രീയ നേതാവിന്റെ ആംഡബര വിവാഹത്തിന് പണം ചെലവഴിച്ചത് റാപ്പിഡോ ബൈക്ക് ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന്. കഴിഞ്ഞ നവംബറിലാണ് ഉദയ്പൂരിലെ ആരവല്ലി റിസോര്‍ട്ടില്‍ വെച്ച് യുവ നേതാവ് ആദിത്യ സുലയുടെ വിവാഹം നടന്നത്. ആഡംബര വിവാഹത്തിന് ഉപയോഗിച്ച പണത്തിന്റെ ഉറവിടം അന്വേഷിക്കുകയാണ് ഇഡി.
റാപ്പിഡോ ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്നാണ് വിവാഹത്തിനായി ഒരു കോടിയിലധികം രൂപ ചെലവഴിച്ചതെന്നാണ് കണ്ടെത്തല്‍. 1xBet വാതുവെപ്പ് റാക്കറ്റിനെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഇഡിയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍.
2024 ഓഗസ്റ്റിനും 2025 ഏപ്രിലിനും ഇടയില്‍ റാപ്പിഡോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 331.36 കോടി രൂപ എത്തിയതായാണ് കണ്ടെത്തല്‍. ഈ തുകയില്‍ ഒരു കോടിയിലധികം രൂപ ചെലവഴിച്ചത ഉദയ്പൂരില്‍ നടന്ന ആദിത്യ സുലയുടെ വിവാഹത്തിനായാണ്. വരനുമായോ വധുവുമായോ ഈ ഡ്രൈവവര്‍ക്ക് യാതൊരു ബന്ധവുമില്ല.
തിരിച്ചറിയപ്പെടാത്ത സ്രോതസ്സുകളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും സംശയാസ്പദമായ മറ്റ് അക്കൗണ്ടുകളിലേക്ക് ഉടന്‍ തന്നെ പണം അയയ്ക്കുകയും ചെയ്യുന്ന 'കടത്തുകാരനായാണ്' അക്കൗണ്ട് പ്രവര്‍ത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. നിയമവിരുദ്ധ വാതുവെപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുമായും ഇതിനു ബന്ധമുണ്ട്. ഇടപാടുകളുടെ ഉറവിടങ്ങളും ലക്ഷ്യസ്ഥാനങ്ങളും ഇഡി ഇപ്പോള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇഡി അറിയിച്ചു.
യഥാര്‍ത്ഥ ഉറവിടം കണ്ടെത്താതിരിക്കാനും പരിശോധന ഒഴിവാക്കാനുമായിരിക്കാം മറ്റൊരു അക്കൗണ്ട് ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും ഡ്രൈവറുടെ അക്കൗണ്ടിന്റെ ദുരുപയോഗവും അന്വേഷണ ഉദ്യോഗസ്ഥരെയടക്കം ഞെട്ടിപ്പിച്ചിരിക്കുകയാണ്.
അശ്രദ്ധമായി അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെക്കുന്നതാണ് ഇത്തരം ദുരുപയോഗങ്ങള്‍ക്ക് കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ, നെറ്റ് ബാങ്കിങ് ആക്‌സസോ ഒരു കാരണവശാലും പങ്കുവെക്കരുതെന്ന് ഇഡി വ്യക്തമാക്കി.
അപരിചതര്‍ക്ക് ചെക്കുകളോ സാമ്പത്തിക ഇടപാടുകള്‍ക്കോ ഒപ്പിട്ട് നല്‍കരുത്, ബാങ്ക് അക്കൗണ്ടില്‍ അസാധാര നിക്ഷേപങ്ങളോ പിന്‍വലിക്കലോ കണ്ടാല്‍ ഉടന്‍ ബാങ്കിനെ അറിയിക്കണം.