കോഴിക്കോട്: ലഹരിമരുന്ന് പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. പതിമംഗലം സ്വദേശി പി.കെ. ബുജൈറിനെയാണ് കുന്ദമംഗലം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെ സഹോദരനാണ് ബുജൈര്‍.
ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സി.പി.ഒ ശ്രീജിത്തിന് പരിക്കേറ്റു. ബുജൈറിന്റെ കൈയില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ബുജൈറിന്റെ അറസ്റ്റിനു പിന്നാലെ പി.കെ ഫിറോസിനെതിരെ ബിനീഷ് കോടിയേരി രംഗത്തെത്തി. സഹോദരന്‍ ലഹരി കേസില്‍ അറസ്റ്റിലായതില്‍ പി.കെ. ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവെച്ച് മാതൃക കാണിക്കുമോ എന്ന് ബിനീഷ് കോടിയേരി ചോദിച്ചു.
സംഭവത്തില്‍ പി.കെ. ഫിറോസിന്റെ പങ്കും അന്വേഷിക്കണമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. പി.കെ. ബുജൈറിന് കിട്ടുന്ന സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും മുന്‍പ് പല കേസുകളിലും പി.കെ ഫിറോസും യൂത്ത് ലീഗും എടുത്ത നിലപാട് ഇവിടെയും ആവര്‍ത്തിക്കുമോയെന്നും ബിനീഷ് ചോദിച്ചു.