പിടിയിലായ അനന്ദു, സുജിത്ത് 
CRIME

പെരുമ്പാവൂരിൽ എടിഎം കുത്തിപ്പൊളിക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ; ഇരുവരും പരിചയപ്പെട്ടത് എറണാകുളത്തെ ഹോസ്റ്റൽ മുറിയിൽ നിന്നും

26കാരനായ തൊടുപുഴ സ്വദേശി സുജിത്ത് എം. ബാബു, 24 വയസ് പ്രായമുള്ള കൊല്ലം സ്വദേശി അനന്ദു പ്രസാദ് എന്നിവരാണ് പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പെരുമ്പാവൂരിൽ എടിഎം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമിച്ച യുവാക്കളെ പിടികൂടി പൊലീസ്. 26കാരനായ തൊടുപുഴ സ്വദേശി സുജിത്ത് എം. ബാബു, 24 വയസ് പ്രായമുള്ള കൊല്ലം സ്വദേശി അനന്ദു പ്രസാദ് എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ മാറമ്പിള്ളിയിലുള്ള ഫെഡറൽ ബാങ്കിന്റെ എടിഎം ആണ് പ്രതികൾ തകർക്കാൻ ശ്രമിച്ചത്.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. എടിഎമ്മിന് അകത്തു കയറിയ പ്രതികൾ സിസിടിവി ക്യാമറയുടെ വയറു മുറിക്കുന്നതിനിടെ സൈറൺ മുഴങ്ങി. തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ബാങ്ക് ജീവനക്കാരൻ സൈറണിന്റെ ശബ്ദം കേട്ട് എഴുന്നേറ്റ് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു.

പിന്നീട് നാട്ടുകാർ പ്രതികളെ ഓടിച്ചിട്ട് പിടികൂടി. ഉടൻതന്നെ പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു. ബാങ്ക് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു.

എറണാകുളത്ത് ഹോസ്റ്റലിൽ ഒരുമിച്ച് താമസിക്കുകയും, ഓൺലൈൻ ഭക്ഷണവിതരണം നടത്തി വരികയും ചെയ്ത സുഹൃത്തുക്കളാണ് ഇവർ. അറസ്റ്റ് ചെയ്ത പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികൾ സമാന കുറ്റങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും, സംഘത്തിൽ കൂടുതൽ പേർ ഉണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്നും പെരുമ്പാവൂർ പൊലീസ് വ്യക്തമാക്കി.

SCROLL FOR NEXT