ബെംഗളൂരു; ക്യാംപസിലെ പുരുഷന്മാരുടെ ശുചിമുറിയിൽ വച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാർഥി അറസ്റ്റിൽ. സൗത്ത് ബെംഗളൂരുവിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് സ്ഥാപനത്തിന്റെ ക്യാംപസിലെ പുരുഷന്മാരുടെ ശുചിമുറിയിലാണ് വിദ്യാർഥിനി പീഡനത്തിനിരയായത്. ആറാം സെമസ്റ്റർ വിദ്യാർത്ഥിയായ ജീവൻ ഗൗഡ എന്ന പ്രതിയെയാണ് പൊലീസ് പിടികൂടിയത്.
ഒക്ടോബർ 10 നായിരുന്നു കേസിനാസ്പദമായ സംഭവം. അതേ കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനിയായ പെൺകുട്ടി അഞ്ച് ദിവസത്തിന് ശേഷം ഒക്ടോബർ 15 നാണ് പരാതി നൽകിയത്. പൊലീസ് എഫ്ഐആർ പ്രകാരം ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പീഡനത്തിനിരയായ പെൺകുട്ടിയും പ്രതിയും തമ്മിൽ പരിചയമുണ്ടായിരുന്നു. സംഭവ ദിവസം പെൺകുട്ടി ഗൗഡയെ സന്ദർശിച്ച് ചില സാധനങ്ങൾ വാങ്ങിയിരുന്നതായി റിപ്പോർട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളയിൽ, ഗൗഡ അവളെ പലതവണ വിളിച്ച് ഏഴാം നിലയിലെ ആർക്കിടെക്ചർ ബ്ലോക്കിന് സമീപം തന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. പെൺകുട്ടിയെ കണ്ടതോടെ ഇയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചു.
രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ ലിഫ്റ്റിൽ പിന്തുടർന്നു. പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ആക്രമണത്തിനിടെ ഗൗഡ ശുചിമുറിയുടെ വാതിൽ പൂട്ടിയിട്ടു. ഫോൺ അടിച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന് ശേഷം, അതിജീവിത തന്റെ രണ്ട് സുഹൃത്തുക്കളോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. പിന്നീട് ഗൗഡ തന്നെ വിളിച്ച് "ഗുളിക വേണോ" എന്ന് ചോദിച്ചെന്നും യുവതി വെളിപ്പെടുത്തിയതായി എഫ്‌ഐആറിൽ പറയുന്നു.
ആദ്യം പരാതി നൽകാൻ മടിച്ചു നിന്ന വിദ്യാർഥിനി പിന്നീട് മാതാപിതാക്കളെ വിവരം അറിയിച്ചു. അവർ ഹനുമന്തനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ലെന്നും ഇത് തെളിവുകൾ ശേഖരിക്കുന്നതിന് വെല്ലുവിളിയാണെന്നും പൊലീസ് അറിയിച്ചു.
സംഭവം കർണാടകയിൽ രാഷ്ട്രീയ തലത്തിൽ വലിയ പ്രതികരണങ്ങൾക്ക് കാരണമായി. കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. ത് ധാർമ്മികവും ഭരണപരവുമായ പരാജയമാണ്" എന്ന് കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ അശോക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.