CRIME

പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; ഭർത്താവ് കസ്റ്റഡിയിൽ

സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറയുന്നു

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: പൊന്നാനിയിൽ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ഭർത്താവ് മുഹമ്മദിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ട്രെയിനിന് മുന്നിൽ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടി റെയിൽവേ ട്രാക്കിനു സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറയുന്നു.

മുഹമ്മദും ഭാര്യ ഫാത്തിമയും തമ്മില്‍ നിരന്തരം തര്‍ക്കം നടന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് 22കാരിയായ ഫാത്തിമയെ പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണലില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഇതിന് മുകളില്‍ മണല്‍വാരിയിടുകയും ചെയ്തിരുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇരുവര്‍ക്കും നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മുഹമ്മദിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരപ്പനങ്ങാടിയില്‍ നിന്ന് ഇയാളെ പിടികൂടുന്നത്. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

SCROLL FOR NEXT