

ന്യൂഡല്‍ഹി: സഹോദരി മരിച്ചെന്ന് തെളിയിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലേക്ക് പോകേണ്ടി വന്ന വയോധികനോട് ഒടുവില്‍ കനിഞ്ഞ് അധികൃതര്‍. സഹോദരിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,402 രൂപ 50കാരനായ ജീത്തു മുണ്ടയ്ക്ക് കൈമാറി.
ഒഡീഷയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് ബാങ്കിന്റെ നടപടി. ജനുവരി 26ന് മരിച്ച സഹോദരി കക്ര മുണ്ടയുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കുന്നതിനായി ജീത്തു മുണ്ട പട്ടന ബ്ലോക്കിലെ മലിപോസി ബ്രാഞ്ച് ഒഡീഷ ഗ്രാമീണ്‍ ബാങ്കിലെത്തിയിരുന്നു.
എന്നാല്‍, കക്ര മുണ്ട മരിച്ചെന്ന് ജീത്തു പറഞ്ഞിട്ടും ബാങ്ക് അധികൃതര്‍ വിശ്വസിച്ചില്ല. കക്രയുടെ സാന്നിധ്യത്തില്‍ മാത്രമേ പണം നല്‍കൂവെന്നും തീര്‍ത്തു പറഞ്ഞു. ഇതോടെയാണ്, സഹോദരിയുടെ കുഴിമാടം തുറന്ന് അസ്ഥികൂടവുമെടുത്ത് വയോധികന്‍ ബാങ്കിലെത്തിയത്.
അസ്ഥികൂടവും ചുമന്നു പോകുന്ന വയോധികന്റെ വീഡിയോ പുറത്തുവരികയും സംഭവം വലിയ വാര്‍ത്തയായതിനും പിന്നാലെ, ബാങ്കും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ജീത്തു മുണ്ടയ്ക്ക് ബാങ്കിന്റെ നടപടിക്രമങ്ങളെ കുറിച്ച് അറിയാത്തതും സംഭവ സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നുവെന്നുമാണ് ബാങ്കിന്റെ ന്യായീകരണം.
സഹോദരി മരിച്ചുവെന്നത് വിശ്വസിച്ചില്ലെന്ന വാദം തെറ്റാണെന്ന് ബ്രാഞ്ച് മാനേജര്‍ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. മരണ സര്‍ട്ടിഫിക്കറ്റും ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ച ഉടനെ തന്നെ നിയമപരമായ മൂന്ന് അവകാശികളുടെ അക്കൗണ്ടിലേക്ക് 19,402 രൂപ കൈമാറിയെന്നുമാണ് ബാങ്കിന്റെ വിശദീകരണം.
രണ്ട് മാസം മുമ്പാണ് കക്ര മുണ്ട മരണപ്പെടുന്നത്. ഒഡീഷ ഗ്രാമീണ ബാങ്കില്‍ ഇവര്‍ക്കൊരു അക്കൗണ്ട് ഉണ്ടായിരുന്നു. നേരത്തേ തന്നെ ഭര്‍ത്താവും ഏകമകനും മരണപ്പെട്ടിരുന്നു. ജീത്തു മുണ്ട മാത്രമാണ് ഏക ബന്ധു. സഹോദരിയുടെ അക്കൗണ്ടിലുള്ള പണം പിന്‍വിലിക്കാന്‍ ബാങ്കിലെത്തിയ ജീത്തുവിനോട് ഒന്നുകില്‍ സഹോദരി നേരിട്ട് വരണമെന്നും അല്ലെങ്കില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്നുമാണ് ബാങ്ക് മാനേജര്‍ അറിയിച്ചത്.
ബാങ്ക് പറയുന്ന നിയമപരമായ പ്രശ്നങ്ങള്‍ അറിയാത്തതുകൊണ്ടാണ് ജീത്തു ഇത്തരം ഒരു കാര്യം ചെയ്തതെന്ന് പട്ടന പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ പ്രസാദ് സഹു പറഞ്ഞു. ജീത്തു നിരക്ഷരനായ ഒരു ഗോത്രവിഭാഗക്കാരനാണ്. അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദമാക്കി പറഞ്ഞു നല്‍കുന്നതില്‍ ബാങ്ക് അധികൃതരും പരാജയപ്പെട്ടെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.