CRIME

ചിറയിൻകീഴ് സ്വദേശിയുടെ ദുരൂഹ മരണം, ആദ്യ ഭാര്യയോടുള്ള ക്രൂരത... ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതിക്കെതിരെ കൂടുതൽ അന്വേഷണം

അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചത് അമ്മയുടെ അറിവോടെയെന്നാണ് നിഗമനം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്. പ്രതി അഷ്കറിന്റെ മുൻകാല ക്രിമിനൽ പശ്ചാത്തലം വിശദമായി പരിശോധിക്കും. ആദ്യ ഭാര്യയോടുള്ള ക്രൂരതയും ചിറയിൻകീഴ് സ്വദേശിയുടെ ദുരൂഹ മരണവും അന്വേഷണപരിധിയിൽ വരും. അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചത് അമ്മയുടെ അറിവോടെയെന്നാണ് നിഗമനം.

കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്. അഷ്കറിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യും. കൊലപാതകത്തിന് പിന്നാലെ അഷ്കറിന്റെ വീടും പരിസരവും കഴുകി വൃത്തിയാക്കിയത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമായിരുന്നോയെന്നും അന്വേഷിക്കും. റിമാൻഡിലുള്ള അമ്മ അഖിലയെയും അഷ്കറിനെയും കസ്റ്റഡിയിൽ വാങ്ങാൻ നാളെ കോടതിൽ കസ്റ്റഡി അപേക്ഷ നൽകും.

അഖിലയും കുഞ്ഞിനെ മർദ്ദിച്ചിരുന്നോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ ലഭിച്ചാൽ മൊഴികളിലെ വൈരുധ്യങ്ങൾ, ക്രൂര പീഡനത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുക, ദീർഘകാല പീഡനത്തെക്കുറിച്ച് മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്ന് പരിശോധിക്കുക എന്നിവയാകും അന്വേഷണത്തിന്റെ അടുത്ത ഘട്ടം.

ഒന്നരവയസുകാരൻ അർഷിദ് കൊടുംക്രൂരതയാണ് നേരിട്ടത്. കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ പലയിടത്തും പഴയ മുറിവുകളും എല്ലിന് ഒടിവുകളും കണ്ടെത്തി. അതിനിടെ കുഞ്ഞിനെ സ്ഥിരമായി മർദിച്ചിരുന്നതായി അഖിലയുടെ പങ്കാളി അഷ്കർ പൊലീസിനോട് പറഞ്ഞു.

കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകനായ അർഷിദ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. അഷ്‌കർ ചോറ് കൊടുക്കുന്നതിനിടയിൽ അർഷിദ് ഛർദിച്ചിരുന്നു. ഉടൻ എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഈ സമയത്ത് അമ്മ അഖില, തമിഴ്‌നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. സ്ഥിരമായ മർദനമാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് വിവരം.

SCROLL FOR NEXT