കൊല്ലപ്പെട്ട സീത, ഭർത്താവ് ബിനു Source: News Malayalam 24X7
CRIME

പാറയില്‍ തലയിടിച്ചു, വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തില്‍ കുത്തിക്കയറി; പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

"തറയില്‍ തലയിടിച്ചാണ് വീണത്. വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്. ഇടതുവശത്തെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. രണ്ടെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറി"

Author : ന്യൂസ് ഡെസ്ക്

പീരുമേട്ടില്‍ കൊല്ലപ്പെട്ട ആദിവാസി യുവതിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. യുവതിയെ ആക്രമിച്ചത് മുന്‍വശത്ത് നിന്നാണെന്നും തലയുടെ പിന്നില്‍ പരിക്ക് പറ്റിയത് വീഴ്ചയിലാകാമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയര്‍ന്ന ഭാഗത്ത് നിന്ന് താഴേക്ക് വീണ്ടിട്ടുണ്ട്. പാറയില്‍ തലയിടിച്ചാണ് വീണത്. വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്. ഇടതുവശത്തെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. രണ്ടെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറി. വലതുവശത്തെ ആറ് വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിലൊരെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറി.

നാഭിക്ക് ചവിട്ടേറ്റിട്ടുണ്ടെന്നും വലത് കൈത്തണ്ടയ്ക്ക് മുകളിലായി ശക്തമായി അമര്‍ത്തിയിട്ടുണ്ടെന്നും മുഖത്തും കഴുത്തിലും മല്‍പ്പിടുത്തത്തിന്റെ പാടുകള്‍ ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മലബണ്ടാരം വിഭാഗത്തില്‍പ്പെട്ട സീതയെന്ന യുവതിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് ഭാര്യ ആനയുടെ ആക്രമണത്തിലാണ് മരിച്ചതെന്ന് പുറംലോകത്തോട് അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്ന് പൊലീസിനും സര്‍ജനുമുണ്ടായ സംശയത്തെ തുടര്‍ന്ന് മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.

എന്നാല്‍ ജനപ്രതിനിധികള്‍ അടക്കം എത്തി മൃതദേഹം പീരുമേട് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മതിയെന്ന് അറിയിച്ചതിന് പിന്നാലെ താലൂക്ക് ആശുപത്രിയില്‍ വെച്ച് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. കാട്ടാന ആക്രമിച്ചാലുണ്ടാകുന്ന തരം പരിക്കുകളല്ല സീതയുടെ ശരീരത്തിലുള്ളതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

SCROLL FOR NEXT