ബെംഗളൂരു: ഇതര ജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതിന് ഗർഭിണിയെ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. 19 കാരിയായ മന്യ പാട്ടീലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മന്യയുടെ ഭർത്താവ് വിവേകാനന്ദയുടെ അമ്മയ്ക്കും പരിക്കേറ്റു. സംഭവത്തിൽ മന്യയുടെ പിതാവ് പ്രകാശ് ഫക്കിർഗോഡയേയും രണ്ട് അടുത്ത ബന്ധുക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാതാപിതാക്കളുടെ അഭിപ്രായം നിരസിച്ച് ഈ വർഷം മെയ് മാസത്തിലായിരുന്നു മന്യയും യുവാവും തമ്മിലുള്ള വിവാഹം നടന്നത്. ജീവന് ഭീഷണി ഉണ്ടായതിനെ തുടർന്ന് ഇരുവരും മാതാപിതാക്കളിൽ നിന്നും അകന്ന് താമസിച്ചിരുന്നു. അടുത്തിടെയാണ് ഇവർ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവന്നത്.
കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവിനെയും ഭർത്യപിതാവിനെയും കൃഷിയിടത്തിൽ വച്ച് യുവതിയുടെ ബന്ധുക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അവർ ഓടി രക്ഷപ്പെടുകയാണ് ഉണ്ടായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പിന്നാലെയാണ് അക്രമികൾ വീട്ടിലെത്തി യുവതിയെ വെട്ടിക്കൊന്നത്.