ഇസ്ലാമാബാദ്: ഇന്ത്യൻ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് ദൈവ സഹായം ലഭിച്ചുവെന്ന അവകാശവാദവുമായി പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യൻ ആക്രമണത്തിൻ്റെ ദിവസങ്ങളിൽ ദൈവിക സഹായം ലഭിച്ചിട്ടുണ്ടെന്ന അസിം മുനീറിൻ്റെ പ്രസംഗം പാകിസ്ഥാൻ പ്രാദേശിക ചാനലിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 22-ന് 26 പേരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്ഥാനിലേയും പാക് അധീന കശ്‌മീരിലേയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യ ഭീകരാക്രമണം നടത്തിയത്. ഓപ്പറേഷനിൽ അഞ്ച് പാക് പോര്‍ യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും തകർത്തതായി വ്യോമസേന മേധാവി അമർ പ്രീത് സിങ് വ്യക്തമാക്കിയിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിൻ്റെ ഭാഗമായുള്ള സൈനിക നടപടിയില്‍ നൂറിലധികം ഭീകരരെ വധിച്ചതായി ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ വാദത്തെ അത്തരത്തില്‍ അംഗീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിരുന്നില്ല. ആക്രമണത്തില്‍ ആകെ 13 സൈനികര്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടെന്നാണ് പാക് അധികൃതര്‍ പറയുന്നത്.
അതേസമയം, ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും, എന്നാൽ തങ്ങൾ യുദ്ധവിരുദ്ധവാദികളല്ലെന്ന് ഇന്ത്യൻ സൈനിക ജനറൽ അനിൽ ചൗഹാൻ ചൂണ്ടിക്കാട്ടിയിരുന്നു. യുഎസ് നിർമിത എഫ്-16 വിമാനങ്ങളും ചൈനീസ് ജെഎഫ്-17 വിമാനങ്ങളും ഉൾപ്പെടെ 10 പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ നശിപ്പിച്ചെന്ന് വ്യോമസേന മേധാവി മാർഷൽ അമർ പ്രീത് സിങ്ങും അറിയിച്ചിരുന്നു.