ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോ, നിക്കി ഭാട്ടിയും ഭർത്താവ് വിപിൻ ഭാട്ടിയും Source: X
CRIME

ആരോപണം മാത്രമോ? നിക്കിയുടെ ശവസംസ്കാര ചടങ്ങിൽ ഭർതൃപിതാവും; നോയിഡയിലെ സ്ത്രീധനകൊലപാതകത്തിൽ ചോദ്യങ്ങളുയരുന്നു

നിക്കിയെ ആദ്യം കൊണ്ടുപോയ സ്വകാര്യ ആശുപത്രിയിലെ മെമ്മോയിൽ, "വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റു" എന്ന പരസ്പരവിരുദ്ധമായ വിവരണവുമുണ്ട്

Author : ന്യൂസ് ഡെസ്ക്

നോയിഡ: സ്ത്രീധന കൊലപാതകക്കേസിൽ വമ്പൻ ട്വിസ്റ്റ്. 28കാരി നിക്കി ഭാട്ടിയെ സ്ത്രീധനത്തിൻ്റെ പേരിൽ ഭർതൃകുടുംബം തീകൊളുത്തി കൊന്നതാണെന്ന കുടുംബത്തിൻ്റെ ആരോപണം തകർക്കുന്ന വീഡിയോ ഇപ്പോൾ ഇൻ്റർനെറ്റിൽ പ്രചരിക്കുകയാണ്. കുറ്റാരോപിതനായ ഭാര്യാപിതാവ് നിക്കിയുടെ ശവസംസ്കാരചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

നിക്കിയുടെ ഭർതൃവീട്ടുകാർ തീകൊളുത്തി കൊന്നതാണെന്ന ആരോപണങ്ങൾ നിലനിൽക്കെ, ശവസംസ്കാര ചടങ്ങിൽ ഇരു കുടുംബങ്ങളുടെയും സാന്നിധ്യം ചോദ്യം ഉയർത്തിയിട്ടുണ്ട്. എഫ്‌ഐ‌ആറിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളിൽ ഒരാളായ നിക്കിയുടെ ഭാര്യാപിതാവ് ചിതയ്ക്ക് തീ കൊളുത്തുന്നതും അന്ത്യകർമങ്ങളിൽ സജീവമായി പങ്കെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നിക്കിയുടെ സഹോദരനും അമ്മാവനും ചടങ്ങിൽ പങ്കെടുക്കുന്നതായും കാണാം. കൊലപാതകക്കേസിൽ പേര് ചേർക്കപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതികൾക്ക് എങ്ങനെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞുവെന്ന് അന്വേഷിക്കുകയാണ് പൊലീസ്.

അതേസമയം നിക്കിയെ ആദ്യം കൊണ്ടുപോയ സ്വകാര്യ ആശുപത്രിയിലെ മെമ്മോയിൽ, "വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റു" എന്ന പരസ്പരവിരുദ്ധമായ വിവരണവുമുണ്ട്. ഇത് നിക്കിയുടെ സഹോദരി കാഞ്ചൻ നൽകിയ പരാതിയിലെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ്. നിക്കിയുടെ ബന്ധുവായ ദേവേന്ദ്രയാണ് ആശുപത്രിയിലെത്തിച്ചതെന്നും, അവിടെ എത്തുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്നെന്നും രേഖയിൽ പരാമർശിക്കുന്നു.

ഇതിനൊപ്പം സംഭവസമയത്തുള്ളതാണെന്ന് കരുതപ്പെടുന്ന ഒരു വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയുടെ വീടിന് സമീപത്തുള്ള ഒരു കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വീഡിയോയിൽ വിപിൻ കടയ്ക്ക് പുറത്ത് നിൽക്കുന്നതായും, അൽപ്പസമയത്തിന് ശേഷം തിരികെ വീട്ടിൽ പോയി വരുന്നതായും കാണാം.

തുടർന്ന് ഒരു വൃദ്ധനും അയൽക്കാരും വീട്ടിലേക്ക് ഓടിക്കയറുന്നുണ്ട്. സമീപത്തുള്ള സ്ത്രീകൾ പരിഭ്രാന്തരായി കാണപ്പെടുന്നു. വീഡിയോ അന്വേഷിച്ചുവരികയാണെന്നും എന്നാൽ ഇതിൻ്റെ ആധികാരികത ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ഗ്യാസ് പൊട്ടിത്തെറിച്ചതാണെന്നും അതിൻ്റെ ശബ്ദം കേട്ട് വിപിൻ വീട്ടിലേക്ക് പോവുകയായിരുന്നെന്നുമാണ് ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന വിവരണം.

കേസിൽ പ്രതി വിപിൻ ഭാട്ടിയുടെ സഹോദരൻ രോഹിത് ഭാട്ടിയെയും പിതാവ് സത്വീറുമുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിപിൻ ഭാട്ടിയും അമ്മ ദയ ഭാട്ടിയയും ഞായറാഴ്ച തന്നെ അറസ്റ്റിലായിരുന്നു. ഭർതൃവീട്ടുകാരുടെ ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് നിക്കിയുടെ കുടുംബം ആരോപിച്ചിരുന്നു. അമ്മയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തെങ്കിലും, പിതാവും സഹോദരനും ഒളിവിൽ പോയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

SCROLL FOR NEXT