Source: NDTV
CRIME

"നിറമില്ല, തടി കൂടുതൽ"; രാജസ്ഥാനിൽ ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന യുവാവിന് വധശിക്ഷ

ഉദയ്പൂരിൽ ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ.

Author : ന്യൂസ് ഡെസ്ക്

രാജസ്ഥാൻ: ഉദയ്പൂരിൽ ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി. രാജസ്ഥാൻ അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി.

ഇരുണ്ട നിറമാണെന്നും തടി കൂടുതലാണെന്നും ആരോപിച്ച് ഭർത്താവ് കിഷൻ ഭാര്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ഒരു ദിവസം രാത്രി ഒരു മരുന്ന് കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ് കിഷൻ ഭാര്യയുടെ മേൽ ആസിഡ് തേച്ചു. അതിന് ആസിഡിൻ്റെ മണമുണ്ടെന്ന് ഭാര്യ പറഞ്ഞെങ്കിലും അത് വക വെക്കാതെ കിഷൻ അവരുടെ മേൽ ആസിഡ് തേക്കുകയും ദേഹത്ത് ഒരു ചന്ദനത്തിരി വെക്കുകയും ചെയ്തു. തുടർന്ന് ശരീരമാസകലം തീ പിടിച്ച ഭാര്യയുടെ മേൽ കിഷൻ ബാക്കി വന്ന അസിഡും ഒഴിക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തു.

കിഷനെതിരെ ഉദയ്പൂരിലെ വല്ലഭാനഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് രാജസ്ഥാൻ അഡീഷണൽ ജില്ലാ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. കറുത്ത നിറത്തിന് ഭാര്യയെ പ്രതി ശാസിക്കാറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് അയാൾ സ്ത്രീയുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച് തീകൊളുത്തിയതെന്നും പബ്ലിക് പ്രോസിക്യൂട്ടർ ദിനേശ് പാലിവാൾ പറഞ്ഞു. ശരീരത്തിൽ മുഴുവൻ പൊള്ളലേറ്റാണ് യുവതി മരിച്ചതെന്നും ദിനേശ് പാലിവാൾ കൂട്ടിച്ചേർത്തു.

വിധി പ്രസ്താവിച്ച ജഡ്ജി, ഇത്തരം കേസുകൾ വ്യാപകമാകുന്നുവെന്നും സമൂഹത്തിൽ കോടതിയോടുള്ള ഭയം നിലനിർത്താനാണ് പ്രതിക്ക് വധശിക്ഷ നൽകിയതെന്നും കൂട്ടിച്ചേർത്തു.

SCROLL FOR NEXT