
കേന്ദ്ര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തെ പ്രതിരോധിച്ചും ബിജെപിയെ പരിഹസിച്ചും തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. അമിത് ഷായ്‌ക്കെതിരായ തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്നും വിഡ്ഢികള്‍ക്ക് ഭാഷാശൈലി മനസിലാവില്ലെന്നുമാണ് മഹുവയുടെ മറുപടി.
താന്‍ ഉപയോഗിച്ചത് ഒരു ഭാഷാ പ്രയോഗം മാത്രമാണെന്നും അത് വളച്ചൊടിച്ചത് പൊലീസ് ആണെന്നുമാണ് മഹുവ മൊയ്ത്രയുടെ പരാമര്‍ശം. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 196 പ്രകാരം റായ്പൂരിലെ മാന ക്യാംപ് പൊലീസ് സ്റ്റേഷനില്‍ മഹുവയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അനധികൃത നുഴഞ്ഞു കയറ്റം തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ 'തല വെട്ടണം' (his head should be cut off ) എന്ന പ്രയോഗമാണ് ബെംഗാളി ഭാഷയില്‍ മഹുവ പറഞ്ഞത്. എന്നാല്‍ അതൊരു ഭാഷ പ്രയോഗമാണെന്നും ബംഗാളിയില്‍ 'മാതാ കാട്ടാ ജാവ' എന്നതുകൊണ്ട് ബംഗാളികള്‍ അര്‍ഥമാക്കുന്നത് സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലാത്തവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുറത്തുപോകണം എന്നാണെന്നാണ് മഹുവ പറയുന്നത്.
'2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 'അബ്കി ബാര്‍, 400 പാര്‍' എന്ന മുദ്രാവാക്യം തകര്‍ന്നടിഞ്ഞു. പിന്നാലെ വിദേശ മാധ്യമങ്ങള്‍ എല്ലാം അന്ന് റിപ്പോര്‍ട്ട് ചെയ്തത് 240 സീറ്റുകള്‍ മാത്രം ലഭിച്ചെന്നത് മോദിയുടെ മുഖത്തേറ്റ അടിയാണ് എന്നാണ്. ഇപ്പോള്‍ ബിജെപി യഥാര്‍ഥത്തില്‍ മുഖത്തേറ്റ അടിയായാണോ കണക്കാക്കുന്നത്? അല്ല. ആരെങ്കിലും പോയി ബഹുമാന്യനായ പ്രധാനമന്ത്രിയുടെ മുഖത്തടിച്ചു എന്നാണോ കരുതിയിരിക്കുന്നത്? അതുമല്ല,' മഹുവ പറഞ്ഞു.
' എല്ലാവരും അപ്പോള്‍ പറഞ്ഞു, തല ഉരുളും (ഹെഡ് വില്‍ റോള്‍). എന്നിട്ട് തലകള്‍ ഉരുണ്ടോ? അതാണ് ഇംഗ്‌ളീഷ് ഭാഷയില്‍ പ്രയോഗം എന്ന് പറയുന്നത്. തലകളുരുലും എന്ന് പറയുന്നത് ആരുടെയും തല അറുക്കുന്നതല്ല. അത് ഒരു പ്രയോഗമാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു.