പൊലീസ് പിടികൂടിയ പ്രതികൾ Source: News Malayalam 24x7
CRIME

മലപ്പുറത്ത് പർദ ധരിച്ചെത്തി പട്ടാപ്പകൽ വീട്ടിൽ കയറി കവർച്ച; അഞ്ചുപേര്‍ കൂടി പിടിയിൽ

മുഖം മറച്ചും പ‍ര്‍ദ ധരിച്ചുമായിരുന്നു അതിക്രമം

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: പാണ്ടിക്കാട് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി കവര്‍ച്ചയ്ക്ക് ശ്രമിച്ച അഞ്ചുപേര്‍ കൂടി പൊലീസിന്റെ പിടിയിലായി. കവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കിയവരുൾപ്പെടെയാണ് പൊലീസിന്റെ വലയിലായത്. മുഖം മൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ വീട്ടുകാർക്ക് പരിക്കേറ്റിരുന്നു.

ഡിസംബര്‍ 29ന് പട്ടാപ്പകലാണ് കവര്‍ച്ചാ ശ്രമം നടന്നത്. പാണ്ടിക്കാട് കുറ്റിപ്പുളിയിലെ അബ്ദുവിന്റെ വീട്ടിലേക്കാണ് അക്രമികൾ കയറിയത്. മുഖം മറച്ചും പ‍ര്‍ദ ധരിച്ചുമായിരുന്നു അതിക്രമം. വീട്ടിൽ അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടെന്നും അത് തങ്ങൾക്ക് തരണമെന്നും അക്രമിസംഘം ആവശ്യപ്പെട്ടു. ഇല്ലെന്ന് അറിയിച്ചതിന് പിന്നാലെ സംഘം വീടുമുഴുവൻ അരിച്ചുപറുക്കി.വീട്ടിലുള്ളവരെ മർദിക്കുകയും ചെയ്തു.

ബഹളം കേട്ട് പ്രദേശവാസികൾ ഓടിക്കൂടിയതോടെ കവർച്ചാസംഘം കടന്നുകളയുകയായിരുന്നു. എന്നാൽ അന്നുതന്നെ നാട്ടുകാരുടെ കൈയിലകപ്പെട്ട അക്രമിയെ പൊലീസിന് കൈമാറി. പിടിയിലായ ആളെ ചോദ്യംചെയ്തതിനുപിന്നാലെ കവർച്ചാസംഘത്തിലെ മുഴുവൻ പേരിലേക്കുമെത്താൻ പൊലീസിന് കഴിഞ്ഞു. കവർച്ച നടത്താൻ തീരുമാനിച്ച വീട്ടിൽ തന്നെയാണോ അക്രമികൾ കയറിയത് അതോ ലക്ഷ്യംവച്ച സ്ഥലം മാറിപ്പോയതാണോ എന്ന് പൊലീസിന് സംശയമുണ്ട്.

അന്വേഷണം തുടരുന്നതിനിടെ കല്ലായി സ്വദേശി അബ്ദുൽ റാഷിഖ്, പന്തീരങ്കാവ് സ്വദേശി നിജാസ്, കൊയിലാണ്ടി സ്വദേശി മുഹമ്മദ് ആരിഫ് , മാറാട് സ്വദേശി മുഹമ്മദ് ഷെഫീർ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയടക്കം നടത്തിയവരാണ് ഇപ്പോൾ പിടിയിലായത്. പത്തംഗസംഘം ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പിടിക്കപ്പെട്ട സംഘത്തിന്റെ മുഴുവൻ ട്രാക്ക് റെക്കോർഡും പൊലീസ് അരിച്ചുപറുക്കുകയാണ്.

SCROLL FOR NEXT