എസ്ഐആർ:"അർഹരയാവർക്കെല്ലാം വോട്ടവകാശം ഉറപ്പാക്കും"; വോട്ടർ പട്ടികയിൽ നിന്ന് വിട്ടുപോയവരെ തിരികെ ചേർക്കാൻ അടിയന്തര നടപടികളുമായി മുഖ്യമന്ത്രി

രേഖകൾ കൈവശമില്ലാത്തവർക്ക് സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി
പിണറായി വിജയൻ.
പിണറായി വിജയൻSource: Facebook
Published on
Updated on

തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള അടിയന്തര നടപടികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ലെന്നും ഏതെങ്കിലും തരത്തിലുള്ള ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍ (help desk) പ്രാദേശിക അടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി.

പിണറായി വിജയൻ.
"ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം തൃപ്തികരം, എസ്ഐടിക്ക് എതിരായ തെറ്റായ പ്രചാരണങ്ങൾ പാടില്ല"; കവചം തീർത്ത് ഹൈക്കോടതി

ഹിയറിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐ.ടി വകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

പിണറായി വിജയൻ.
കുതിച്ചുകയറി ഇറച്ചിക്കോഴി വില; ബ്രോയിലർ ചിക്കൻ കിലോയ്ക്ക് 290ലെത്തി!

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തു. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍ (help desk) പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും, അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി. ഹിയറിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐ.ടി വകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ട്.

ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകം തന്നെ നിയമനം നടത്തണമെന്നും നിർദ്ദേശിച്ചു. ഇ ആർ ഒ. എ ഇ ആർ ഒ, അഡീഷണൽ എ.ഇ.ആർ.ഒ തസ്തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകള്‍ ഉടനടി നികത്തുകയും, പകരം ആളെ നിയമിക്കുന്ന മുറയ്ക്ക് മാത്രം LPR (വിരമിക്കുന്നതിനു മുൻപുള്ള അവധി) അനുവദിക്കുകയും ചെയ്യേണ്ടതാണ്. ഇക്കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടത്താൻ പാടില്ല. മുൻകൂർ അനുമതിയില്ലാതെ അവധി അനുവദിക്കരുത്.

കരട് പട്ടികയില്‍ നിന്നും വിട്ടുപോയ അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനായുളള ബോധവത്ക്കരണം നടത്തും. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിടുകയാണെങ്കില്‍ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുവാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. ക്യാമ്പുകളില്‍ ഒരു കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്ക് സജ്ജമാക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുകയും ആവശ്യമായ നടപടികൾക്ക് ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

അർഹരായ മുഴുവൻ ആളുകൾക്കും വോട്ടവകാശം ഉറപ്പാക്കുക എന്നതാണ് സർക്കാരിൻ്റെ നയം. എസ്ഐആർ പ്രക്രിയ അർഹതയുള്ള എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം എന്ന് സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. എന്നാൽ അതിന് അനുകൂലമായ തീരുമാനങ്ങളല്ല ഉണ്ടായത്. അർഹരായ എല്ലാവർക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചത് ഈ പശ്ചാത്തലത്തിലാണ്. വോട്ടർ പട്ടികയിൽ നിന്ന് വിട്ടുപോയ മുഴുവൻ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com