ഭോപ്പാല്‍: മധ്യപ്രദേശില്‍ കിണറ്റില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊലപാതകമെന്ന് സ്ഥിരീകരണം. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലെ സകാരിയ ഗ്രാമത്തിലാണ് സംഭവം. അറുപത് വയസ്സുള്ള ഭയ്യാലാല്‍ രജക് എന്നയാളാണ് കൊല്ലപ്പെട്ടത്.
ഭയ്യാലാലിന്റെ മൂന്നാം ഭാര്യയും കാമുകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിയായ യുവതിയുടെ സഹോദരി ഗുഡ്ഡി ഭായിയേയും ഭയ്യാലാല്‍ വിവാഹം ചെയ്തിരുന്നു. ഗുഡ്ഡി ഭായിയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൂന്ന് തവണ വിവാഹം ചെയ്ത ഭയ്യാലാലിന്റെ രണ്ടാം ഭാര്യയും മൂന്നാം ഭാര്യയുമാണ് കേസിലെ സാക്ഷിയും പ്രതിയും.
ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയതോടെയാണ് ഭയ്യാലാല്‍ ഗുഡ്ഡി ഭായ് എന്ന സ്ത്രീയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് ഗുഡ്ഡിയുടെ ഇളയ സഹോദരി മുന്നിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ടായി.
സ്ഥലത്തെ ബ്രോക്കറായ നാരായണ്‍ ദാസ് കുശ്വാഹ എന്നയാളുമായി മുന്നി പ്രണയത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് കണ്ടെത്തല്‍. ഭയ്യാലാലിനെ ഒഴിവാക്കിയാല്‍ മാത്രമേ ഒന്നിച്ചു ജീവിക്കാനാകൂവെന്ന തോന്നലിലാണ് മുന്നിയും നാരായണ്‍ ദാസും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി ധീരജ് കോല്‍ എന്നയാളെ നാരായണ്‍ ദാസ് വാടകയ്‌ക്കെടുത്തു.
ഓഗസ്റ്റ് 30 ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഭയ്യാലാലിനെ ധീരജും നാരായണ്‍ ദാസും ചേര്‍ന്ന് തലയ്ക്കടിച്ച് കൊന്നു. മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ചാക്കിൽ കെട്ടി സ്ഥലത്തെ ഉപയോഗശൂന്യമായ കിണറ്റിലെറിഞ്ഞു. എന്നാല്‍ അടുത്ത ദിവസം കിണറ്റില്‍ അനക്കം കേട്ട് നോക്കിയ ഗുഡ്ഡി ഭായ് മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരേയും പൊലീസിനേയും വിവരം അറിയിച്ചു.
പൊലീസ് എത്തി കിണര്‍ വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റില്‍ നിന്നും മൃതദേഹത്തിനൊപ്പം കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ ആണ് കേസില്‍ വഴിത്തിരിവായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം എന്ന് വ്യക്തമായിരുന്നു.
36 മണിക്കൂറിനുള്ളില്‍ കൊലപാതകികളെ കണ്ടെത്താനായതായി പൊലീസ് അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.