കൊച്ചി: മോഡലിങ്ങിന്റെ മറവിൽ നടന്ന സെക്സ് റാക്കറ്റിൽ മുഖ്യ പ്രതി സിന്ധുവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്ന് പറഞ്ഞാണ് സിന്ധു പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടകളും സിനിമാ താരങ്ങളുമൊക്കെയായി ബന്ധമുണ്ടെന്ന് സിന്ധു പറയുന്ന ശബ്ദ സന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചു. നാട്ടിൽ ആണെങ്കിലും ദുബായിൽ ആണെങ്കിലും നല്ല ബന്ധങ്ങളുണ്ട്. അതിനാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നും സിന്ധു പറയുന്നുണ്ട്.
താൻ വിളിച്ചാൽ നിരവധി താരങ്ങൾ ഷോകൾക്ക് വേണ്ടി ദുബായിൽ എത്തുമെന്നും സിന്ധു പറയുന്നുണ്ട്. പരാതികൾക്ക് പിന്നാലെ സിന്ധുവിന്റെ ഏജന്റിന് അയച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത് എന്നാണ് സൂചന. ഇവർക്കെതിരെ ദിനം പ്രതി കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. മുഖ്യപ്രതി സിന്ധു പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചുനൽകി വിലപേശിയിരുന്നു എന്നതിൻ്റെ തെളിവുകൾ ഉൾപ്പെടെ നേരത്തെ പുറത്ത് വന്നിരുന്നു.
അതിനിടെ കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സിന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് ഗുണ്ടാ നേതാവ് ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് നിരവധി തവണ പണം എത്തിയെന്നും കണ്ടെത്തലുണ്ട്. മോഡലിങ്ങിൻ്റെ മറവിൽ നടന്ന സെക്സ് റാക്കറ്റിൻ്റെ മാസ്റ്റർ ബ്രെയിൻ സിന്ധുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി അലീനയെയും പൊന്നാനി സ്വദേശി മഞ്ജിമയേയും കോടതി റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റിലായ അലീന സിന്ധുവിൻ്റെ ഏജൻ്റാണ്. പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണെന്നാണ് പരാതിയില്‍ പറയുന്നത്.
വിസിറ്റിങ് വിസയിലാണ് ഇരകളെ ദുബായിൽ എത്തിച്ചിരുന്നത്. 57 ദിവസത്തിന് ശേഷം തിരികെ നാട്ടിലേക്ക് കയറ്റിവിടും. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോൾ സംഘത്തിന് 25,000 രൂപ ലഭിക്കും. ഒരു ദിവസം തന്നെ ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ സംഘത്തെ നിയന്ത്രിക്കുന്ന സംഘങ്ങളുണ്ടോ എന്നും വിദേശ ബന്ധങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.