പ്രതി ലിവിയ ജോസ്, ഷീല സണ്ണി  Source: News Malayalam 24x7
CRIME

ലിവിയയെക്കുറിച്ച് സംശയം പറഞ്ഞത് മകൻ, മരുമകളുമായി ഉണ്ടായിരുന്നത് നല്ല ബന്ധം: ഷീല സണ്ണി

ലിവിയ ജോസിനെ കുറിച്ച് താൻ ഒരു അപവാദ പ്രചരണവും നടത്തിയിട്ടില്ലെന്ന് ഷീല സണ്ണി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ചാലക്കുടി വ്യാജ ലഹരിക്കേസില്‍ മുഖ്യപ്രതി ലിവിയ ജോസ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഷീല സണ്ണി. ലിവിയ ജോസിനെ കുറിച്ച് താൻ ഒരു അപവാദ പ്രചരണവും നടത്തിയിട്ടില്ലെന്ന് ഷീല സണ്ണി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ ബാഗിൽ നിന്ന് കണ്ടെത്തിയ ലഹരി മരുന്ന് ഒറിജിനൽ അല്ലെന്ന് മകൻ സംഗീത് പറഞ്ഞിരുന്നു. താൻ കേസിൽ നിന്ന് രക്ഷപ്പെടുമെന്നും ബാഗിൽ മയക്കുമരുന്ന് വെച്ചവർ പിടിക്കപ്പെടില്ലെന്നും അന്ന് മകൻ പറഞ്ഞിരുന്നുവെന്നും ഷീല സണ്ണി പ്രതികരിച്ചു.

മകനാണ് ലിവിയയെ കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥരോട് സംശയം പറയുന്നത്, സംഗീതിന് സംഭവങ്ങളെ കുറിച്ച് അറിയാമായിരുന്നുവെന്നും ഷീല പറഞ്ഞു. മരുമകളുമായി തനിക്ക് ഉണ്ടായിരുന്നത് നല്ല ബന്ധമാണ്. കുടുംബ പ്രശ്നമോ സാമ്പത്തിക ബാധ്യതകളോ ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നില്ല. ഇറ്റലിയിൽ ജോലിക്ക് പോവുന്നതിനായി മരുകളുടെ കുടുംബത്തോട് സഹായം ചോദിച്ചിരുന്നു, അവർ സഹായിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും ഷീല സണ്ണി പറഞ്ഞു.

മുഖ്യപ്രതി ലിവിയ ജോസിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഷീലയുടെ ബാഗില്‍ നിക്ഷേപിച്ചത് ഒറിജനല്‍ ലഹരി മരുന്ന് തന്നെയാണെന്നാണ് ലിവിയ അന്വേഷണ സംഘത്തോട് കുറ്റസമ്മതം നടത്തിയത്. കേസിലെ മുഖ്യപ്രതിയും ആസൂത്രകയും ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കേസിലെ ഒന്നാം പ്രതി നാരായണ ദാസുമായി ചേര്‍ന്നാണ് ഗൂഢാലോചനയും കുറ്റകൃത്യവും നടത്തിയതെന്ന് ലിവിയ സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യത്തെ കുറിച്ച് മറ്റാരോടും ചര്‍ച്ച നടത്തിയിട്ടില്ലെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. 2023 ഫെബ്രുവരി 26 ന് രാത്രിയാണ് ഷീലയുടെ ബാഗില്‍ ലഹരിമരുന്ന് നിക്ഷേപിച്ചത്. കുടുംബ പ്രശ്‌നങ്ങളും അപവാദം പ്രചരിപ്പിച്ചെന്ന സംശയവുമാണ് ഷീലയോട് വൈരാഗ്യം തോന്നാന്‍ കാരണമെന്നാണ് സംശയം. ഷീലയുടെ സ്‌കൂട്ടര്‍ വാങ്ങിയ ശേഷമാണ് സ്‌കൂട്ടറിലും ബാഗിലും മയക്കുമരുന്ന് നിക്ഷേപിച്ചത്. ലിവിയയുടെ മൊഴി പൂര്‍ണമായും വിശ്വസിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം തലവന്‍ വി.കെ. രാജു ന്യൂസ് മലയാളത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ലിവിയയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

SCROLL FOR NEXT