Slapped Over Torn 10 Note, Flipkart Minutes Delivery Partner Dies by Suicide in Delhi: 'Is Being Poor a Crime?' News Malayalam 24x7
CRIME

കീറിയ 10 രൂപ നോട്ട് മാറ്റിച്ചോദിച്ചതിന് മർദ്ദനം; 'പാവപ്പെട്ടവനായത് തെറ്റാണോ?'; അപമാനം താങ്ങാനാവാതെ ഡെലിവറി ബോയ് ജീവനൊടുക്കി; ദാരുണ സംഭവം

"പാവപ്പെട്ടവനായി ജനിച്ചതൊരു തെറ്റാണോ? എനിക്ക് ബൈക്കോ മറ്റ് വാഹനങ്ങളോ ഇല്ല, സ്വന്തമായി സൈക്കിൾ ചവിട്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്. മാതാപിതാക്കളിൽ നിന്ന് പണം വാങ്ങാതെ സ്വന്തം അധ്വാനം കൊണ്ട് ജീവിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഉപഭോക്താവ് നൽകിയ കീറിയ പത്ത് രൂപ നോട്ട് മാറ്റിനൽകാൻ വിനയത്തോടെ ആവശ്യപ്പെട്ടതിന്റെ പേരിൽ നടുറോഡിൽ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട 23-കാരനായ ഡെലിവറി ബോയ് വിഷം കഴിച്ച് ജീവനൊടുക്കി . ഫ്ലിപ്കാർട്ട് ഡെലിവറി എക്സിക്യൂട്ടീവായ സമീർ ഹുസൈൻ ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ഒക്ടോബർ 4-ന് രാത്രി പത്തരയോടെ കിഴക്കൻ ഡൽഹിയിലെ വിനോദ് നഗറിൽ റാംപാൽ സിംഗ് എന്ന ഉപഭോക്താവിന് 150 രൂപയുടെ കാപ്പി എത്തിച്ചുകൊടുക്കാൻ പോയപ്പോഴായിരുന്നു മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഓർഡർ എത്തിച്ച ശേഷം കാപ്പി വാങ്ങിയയാൾ പണം കൊണ്ടുവരാൻ 15 മിനിറ്റോളം വൈകിയെങ്കിലും സമീർ യാതൊരു പരാതിയും പറഞ്ഞിരുന്നില്ല.

എന്നാൽ, പണത്തിനൊപ്പം കിട്ടിയ കീറിയ 10 രൂപ നോട്ട് കണ്ട് "അങ്കിൾ, ദയവായി ഈ നോട്ടൊന്ന് മാറ്റിത്തരാമോ" എന്ന് ചോദിച്ചതോടെ കസ്റ്റമർ പ്രകോപിതനാവുകയായിരുന്നു. "ഇത് മാത്രമേ എന്റെ പക്കലുള്ളൂ, വേണമെങ്കിൽ എടുത്തോണ്ട് പോ" എന്ന് ആക്രോശിച്ച ഇയാൾ സമീറിന്റെ മുഖത്തടിച്ച് കരണത്തടിക്കുകയായിരുന്നു. സമീർ തിരിച്ച് ഉപദ്രവിക്കാൻ തുനിഞ്ഞില്ലെങ്കിലും, പാവപ്പെട്ടവനാണെന്ന് പറഞ്ഞ് നടുറോഡിൽ ആളുകൾക്ക് മുന്നിൽ വെച്ച് നടത്തിയ അധിക്ഷേപം ആ യുവാവിന്റെ മനസ്സിനെ വല്ലാതെ തകർത്തു. കസ്റ്റമറുടെ ചെറുമകൻ രാകേഷും തന്നെ അപമാനിച്ചതായി സമീർ വ്യക്തമാക്കിയിരുന്നു.

നടുറോഡിൽ വെച്ച് തന്റെ ആത്മാഭിമാനം പൂർണ്ണമായി തകർക്കപ്പെട്ടുവെന്നും, ഇനി ജീവിച്ചിരിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി വിഷം കഴിക്കുന്നതിന് തൊട്ടുമുമ്പ് സമീർ വീഡിയോ സന്ദേശങ്ങൾ റെക്കോർഡ് ചെയ്തിരുന്നു. "പാവപ്പെട്ടവനായി ജനിച്ചതൊരു തെറ്റാണോ? എനിക്ക് ബൈക്കോ മറ്റ് വാഹനങ്ങളോ ഇല്ല, സ്വന്തമായി സൈക്കിൾ ചവിട്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്. മാതാപിതാക്കളിൽ നിന്ന് പണം വാങ്ങാതെ സ്വന്തം അധ്വാനം കൊണ്ട് ജീവിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ആളുകൾക്ക് മുന്നിൽ വെച്ച് അപമാനിതനായ ശേഷം ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. പാവപ്പെട്ടവനായതുകൊണ്ട് ആർക്കും എന്തും പറയാമെന്ന സ്ഥിതിയാണ്," എന്ന് കണ്ണീരോടെ സമീർ വീഡിയോയിൽ പറഞ്ഞു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉപഭോക്താവും അയാളുടെ ചെറുമകനുമായിരിക്കും ഉത്തരവാദികളെന്നും, പരാതി നൽകിയാലും ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളതിനാൽ അവർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് താൻ ജീവനൊടുക്കുന്നതെന്നും സമീർ കൂട്ടിച്ചേർത്തു.

തുടർന്ന് ഒക്ടോബർ 5-ന് വിഷം കഴിച്ച സമീറിനെ ഗുരുതരാവസ്ഥയിൽ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ 20 ചൊവ്വാഴ്ച ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഇരുപത്തിനാലാം പിറന്നാൾ ആഘോഷിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കുടുംബത്തെ അനാഥമാക്കി സമീർ യാത്രയായത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ബിഎന്‍എസിലെ സെക്ഷൻ 108 പ്രകാരം കേസെടുത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: മാനസിക വിഷമങ്ങൾക്കോ ആത്മഹത്യാ ചിന്തകൾക്കോ സൗജന്യ കൗൺസിലിംഗിനായി ഹെൽപ്പ്‌ലൈൻ നമ്പറായ 14416 അല്ലെങ്കിൽ ദിശ 1056 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക).

SCROLL FOR NEXT