CRIME

വിവാഹ വാര്‍ഷികാഘോഷത്തിനിടെ തര്‍ക്കം; അമ്പൂരിയില്‍ മകന്‍ അച്ഛനെ തലക്കടിച്ച് കൊന്നു

മദ്യ സല്‍ക്കാരത്തിനിടെ ഷാനുവും അച്ഛനും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അമ്പൂരിയില്‍ നടന്ന വിവാഹ വാര്‍ഷികാഘോഷത്തനിടെ മകന്‍ അച്ഛനെ തലക്കടിച്ച് കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാമാണ് കൊല്ലപ്പെട്ടത്. മദ്യ സല്‍ക്കാരത്തിനിടെ ഷാനുവും അച്ഛനും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്ത കേട്ടാണ് തിരുവനന്തപുരത്തെ അമ്പൂരി ഗ്രാമം ഉണര്‍ന്നത്. മകന്റെ വിവാഹാഘോഷ ചടങ്ങുകളവസാനിച്ചത് അച്ഛന്റെ കൊലപാതകത്തില്‍.

ബുധനാഴ്ച രാത്രി എട്ട് മണി മുതല്‍ ഷാനു തോമസിന്റെ രണ്ടാം വിവാഹ വാര്‍ഷികാഘോഷങ്ങള്‍ അമ്പൂരിയിലെ വീട്ടില്‍ നടക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളുമാണ് ആഘോഷത്തില്‍ പങ്കാളികളായത്. ആഘോഷം ഒരുഘട്ടം കഴിഞ്ഞതോടെ ഷാനുവും ബന്ധുക്കളും തമ്മില്‍ ഒന്നും രണ്ടും പറഞ്ഞ് തര്‍ക്കമായി.

മദ്യലഹരിയില്‍ പ്രകോപിതനായ ഷാനുവിനെ സമാധാനിപ്പിക്കാന്‍. തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ ബിനു വര്‍ഗ്ഗിസിനെ ഷാനുവിന്റെ അമ്മ വിളിച്ചുവരുത്തി. എന്നാല്‍ സമാധാനിപ്പിക്കാനെത്തിയ സഹോദരനെ ഷാനു കത്തിയെടുത്ത് കുത്തി.

ബന്ധുക്കളെല്ലാവരും ചേര്‍ന്ന് ഷാനുവിനെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചു. ഇതിനിടെയാണ് വരാന്തയില്‍ കിടന്ന കസേര എടുത്ത് ഷാനു, അച്ഛന്‍ തോമസ് എബ്രഹാമിന്റെ തലക്കടിച്ചത്. അടികൊണ്ട തോമസ് ചുവരിലിടിച്ച് താഴെ വീണു. തോമസ് എബ്രഹാമിന്റെ തലക്ക് ഗുരുതരമായ ക്ഷതമേറ്റു. എല്ലാവരും ചേര്‍ന്ന് തോമസിനെ കട്ടിലിലെടുത്ത് കിടത്തുമ്പോഴേക്കും അദ്ദേഹത്തിന് ജീവന്‍ നഷ്ടമായിരുന്നു. അച്ഛനെ ഈ നിലയില്‍ ആക്രമിക്കാന്‍ മാത്രം എന്ത് വൈരാഗ്യമാണ് ഷാനുവിന്റെ മനസ്സിലുണ്ടായിരുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.

എന്നാല്‍ ഷാനു കസേരയെടുത്തടിച്ചത് തറയിലാണെന്നും തര്‍ക്കത്തിനിടയില്‍ പെട്ട തോമസ്, ഉന്തിലും തള്ളിലും മറിഞ്ഞ് വീണ് ചുമരില്‍ തലയിടിച്ചാണ് മരണപ്പെട്ടതെന്നും ഷാനുവിന്റെ ഭാര്യ പൊലീസിന് മൊഴി നല്‍കി. ആയുര്‍വേദ തെറാപ്പിസ്റ്റായ ഷാനു തോമസ് കോയമ്പത്തൂരിലാണ് ജോലി ചെയ്തിരുന്നത്. പുതിയ ജോലിക്ക് മലേഷ്യയിലേക്ക് പോകാന്‍ കഴിഞ്ഞയാഴ്ച വീട്ടിലെത്തിയിട്ടേ ഉള്ളൂ ഷാനു. ഷാനുവിനെ വെള്ളറട പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

SCROLL FOR NEXT