കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് രണ്ടു കോടിയോളം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം ഊര്‍ജിതം. അതീവ സുരക്ഷയുള്ള കൊട്ടാരത്തിനുള്ളില്‍ നടന്ന കവര്‍ച്ചയുടെ ചുരുളഴിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊട്ടാരത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരിലേക്കും കുടുംബാംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.
കൊട്ടാരത്തിനുള്ളിലെ സുരക്ഷാ സംവിധാനങ്ങളെയും സിസിടിവി ക്യാമറകളെയും വെട്ടിച്ച് നടന്ന മോഷണം പോലീസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിദഗ്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കാന്‍ പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടത്.
അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായിയുടെ കിടപ്പുമുറിയിലെ സുരക്ഷിതമായ ഇരുമ്പ് അലമാരയില്‍ നിന്നാണ് കഴിഞ്ഞ ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായി മോഷണം നടന്നിരിക്കുന്നത്. പിച്ചിപ്പൂമൊട്ട് സ്വര്‍ണ പാദസരവും നാഗപട കമ്മലും ഉള്‍പ്പെടെ രണ്ട് കോടിരൂപ വിലമതിക്കുന്ന 12 ഇനം ആഭരണങ്ങളാണ് നഷ്ടമായത്. പലപ്പോഴായി നടന്ന കവര്‍ച്ചയാണോ ഇതെന്നും പുതിയ അന്വേഷണ സംഘം പരിശോധിക്കും.
കൊട്ടാരത്തിലെ നാല്‍പതോളം ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണത്തിന്റെ ആദ്യഘട്ടം. ഇവരുടെ മൊഴികള്‍ പ്രത്യേക സംഘം വിശദമായി രേഖപ്പെടുത്തും. നിലവില്‍ രണ്ട് ജീവനക്കാരെ ചോദ്യം ചെയ്തിട്ടുണ്ട്.
അതേസമയം, ജീവനക്കാരെ പീഡിപ്പിക്കാതെ തന്നെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന കൊട്ടാരത്തിന്റെ അഭ്യര്‍ത്ഥനയും പോലീസ് പരിഗണിക്കുന്നുണ്ട്. സമീപകാലത്ത് കൊട്ടാരത്തില്‍ ചിത്രീകരണത്തിനായി എത്തിയ യൂട്യൂബര്‍മാരെയും മറ്റു സന്ദര്‍ശകരെയും പ്രത്യേക സംഘം നിരീക്ഷിച്ചു വരികയാണ്. കൊട്ടാരത്തിന്റെ ഉള്‍ഭാഗത്തെക്കുറിച്ച് വ്യക്തമായ പ്ലാന്‍ കൈവശമുള്ളവര്‍ക്കേ ഇത്തരമൊരു മോഷണം നടത്താനാകൂ എന്നാണ് പ്രാഥമിക നിഗമനം.
ശാസ്ത്രീയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ മോഷ്ടാക്കളിലേക്ക് ഉടന്‍ എത്താമെന്ന പ്രതീക്ഷയിലാണ് പോലീസ്.