അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി; കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച

അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് പരാതിയിൽ പറയുന്നത്
Kowdiar Palace
കവടിയാർ കൊട്ടാരം Source: Facebook
Published on
Updated on

തിരുവനന്തപുരം:കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് പരാതിയിൽ പറയുന്നത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൗരിലക്ഷ്മി ഭായിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

2025 ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഇവ നഷ്ടപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 4 മാസം പൊലീസ് രഹസ്യമായി അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. രത്നക്കല്ലുകളും പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പരാതി.

Kowdiar Palace
"പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവരെ പരിഗണിക്കണം"; പൊന്നാനിയിൽ എം.കെ. സക്കീറിനെതിരെ വ്യാപക പ്രതിഷേധം

2025 നവംബര്‍ ആദ്യവാരം ബെംഗളൂരുവിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. നഷ്ടപ്പെട്ടവയിൽ ഏറിയ പങ്കും കാലപ്പഴക്കം കൊണ്ട് മൂല്യം കണക്കാക്കാനാവാത്ത അതിപുരാതന ആഭരണങ്ങളാണ്.

1/2 പവൻ്റെ ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ മുത്തും ഇടകലർന്ന സ്വർണ ചെയിൻ, 2 പവൻ്റെ കറുത്ത മുത്തും സ്വർണ മുത്തും ഇടകലർന്ന പാദസ്വരം, ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ, 3 പവൻ വരുന്ന പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ പാദസരം, 4 പവൻ്റെ വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകളും മോഷണം പോയിട്ടുണ്ട്.

Kowdiar Palace
വലിയങ്ങാടി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 7 ലക്ഷം അനുവദിച്ചു; രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

2.5 പവൻ്റെ പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണ പതക്കവും സ്വർണ പിരിച്ചെയിൻ, 5 പവൻ്റെ സ്വർണ കുഴി മിന്നു മാല, 6 പവൻ്റെ റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കൻ വള, 2 പവൻ്റെ സ്വർണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, 1 പവൻ്റെ നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിൻ, എട്ടുലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കം എന്നിവയും മോഷണം പോയവയിൽ ഉണ്ടെന്ന് പരാതിയിൽ പറയുന്നു.

സംഭവം പുറത്തറിഞ്ഞാൽ കൊട്ടാരത്തിനുണ്ടാകുന്ന മാനക്കേടിനെ കരുതി ആദ്യം രഹസ്യമായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക്  രണ്ടുദിവസം മുമ്പ് ഗൗരി ലക്ഷ്മി ഭായി പരാതി നൽകിയത്.

Kowdiar Palace
ജി. സുധാകരൻ പാർട്ടി വിടുമെന്ന് കരുതിയില്ല, പാർട്ടിയുടെ നിലപാട് തന്നെയാണ് എൻ്റേതും: വി.എ. അരുൺ കുമാർ

പുറത്തുനിന്നൊരാൾക്ക് കൊട്ടാരത്തിന്റെ സുരക്ഷാ വലയം ഭേദിച്ച് അകത്തുകടക്കുക അസാധ്യമാണ്. അതുകൊണ്ടുതന്നെ, കിടപ്പുമുറിയെക്കുറിച്ചും അലമാരയെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ആരെങ്കിലും മോഷണത്തിന് പിന്നിലുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്. വരും ദിവസങ്ങളിൽ വിരലടയാള വിദഗ്ധരും സൈബർ സെല്ലും ഉൾപ്പെടെയുള്ള സംഘം കൊട്ടാരത്തിൽ പരിശോധന നടത്തും. രാജ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും. സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ രാജകുടുംബം തയ്യാറായിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com