ഉത്തരാഖണ്ഡ്: മുഖത്തടിച്ച അധ്യാപകനു നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി. ഉത്തരാഖണ്ഡിലെ ഉദ്ദം സിങ് നഗര്‍ ജില്ലയിലെ ഗുരു നാനാക് സ്‌കൂളില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെ പി.ടി. അധ്യാപകന്‍ ഗംഗന്‍ദീപ് സിങ് കോഹ്ലിക്കാണ് വെടിയേറ്റത്.
പി.ടി. ക്ലാസിനിടെ ഗംഗന്‍ദീപ് വിദ്യാര്‍ഥികളിലൊരാളുടെ മുഖത്ത് അടിച്ചിരുന്നു. ബുധനാഴ്ച സ്‌കൂളിലെത്തിയ വിദ്യാര്‍ഥി അധ്യാപകനു നേരെ വെടിയുതിര്‍ത്തു. ലഞ്ച് ബോക്‌സിനുള്ളില്‍ തോക്ക് ഒളിപ്പിച്ചു കൊണ്ടുവരികയായിരുന്നു.
അധ്യാപകന്റെ പിന്നില്‍ നിന്നാണ് കുട്ടി വെടിവെച്ചത്. കഴുത്തിനാണ് വെടിയേറ്റത്. ഉടനെ തന്നെ അധ്യാപകനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. നിലവില്‍ അധ്യാപകന്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴുത്തില്‍ നിന്നും ബുള്ളറ്റ് നീക്കം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെയുള്ള സ്‌കൂള്‍ ബ്രേക്കിനിടെയാണ് വിദ്യാര്‍ഥി അധ്യാപകനെ ആക്രമിച്ചത്. ക്ലാസ് റൂമില്‍ നിന്നും പുറത്തിറങ്ങുകയായിരുന്ന അധ്യാപകനെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ടിഫിന്‍ ബോക്‌സില്‍ നിന്ന് തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ കുട്ടികള്‍ പറയുന്നു.
വെടിവെച്ച ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് തടഞ്ഞുവെക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥിക്ക് എങ്ങനെ തോക്ക് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.