അഹമ്മദാബാദ്: എട്ടാം ക്ലാസ് വിദ്യാർഥിയുടെ കുത്തേറ്റ് പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിലെ ഞെട്ടിക്കുന്ന ചാറ്റ് പുറത്ത്. പ്രതിയും സുഹൃത്തും തമ്മിലുള്ള ഇൻസ്റ്റഗ്രാം ചാറ്റിൻ്റെ സ്ക്രീൻഷോട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സംഭാഷണത്തിൽ എട്ടാം ക്ലാസുകാരൻ കുറ്റം സമ്മതിക്കുന്നുണ്ട്. താമരശ്ശേരി ഷഹബാസ് കൊലപാതകത്തിന് സമാനമായ രക്തം മരവിപ്പിക്കുന്ന തരത്തിലുള്ള ചാറ്റാണ് ഇപ്പോൾ പ്രചരിക്കുന്നത്.
പ്രതിയും സുഹൃത്തും തമ്മിലുള്ള ഇൻസ്റ്റാഗ്രാം സംഭാഷണം ഇങ്ങനെയാണ്:
സുഹൃത്ത്: ഭായ്, നീ ഇന്ന് എന്തെങ്കിലും ചെയ്തിരുന്നോ?
കുറ്റാരോപിതൻ: ഹാ ചെയ്തു
സുഹൃത്ത്: ഭായ്, നീ ആരെയെങ്കിലും കുത്തിയോ?
കുറ്റക്കാരൻ: നിന്നോട് ഇതാരാ പറഞ്ഞത്?
സുഹൃത്ത്: എന്നെ ഫോൺ ചെയ്യൂ നമുക്ക് സംസാരിക്കാം.
കുറ്റാരോപിതൻ: വേണ്ട വേണ്ട
സുഹൃത്ത്: ചാറ്റിലൂടെ ഇതൊന്നും പറയാൻ പറ്റില്ല, ഈ വാർത്ത കേട്ടപ്പോൾ ആദ്യം നിൻ്റെ പേരാണ് ഓർമ വന്നത്. അതുകൊണ്ടാണ് മെസേജ് അയച്ചത്.
കുറ്റാരോപിതൻ: ഞാനിപ്പോൾ ചേട്ടനൊപ്പമാണ്. അവന് ഇന്ന് സംഭവിച്ചതിനെക്കുറിച്ചൊന്നും അറിയില്ല. നിന്നോട് ആരാ ഇത് പറഞ്ഞത്?
സുഹൃത്ത്: അവൻ മരിച്ചു.
കുറ്റാരോപിതൻ: എന്ത്?
സുഹൃത്ത്: നീ അവനെ കുത്തിയോ എന്നോട് പറ.
കുറ്റാരോപിതൻ: ആ കുത്തി
സുഹൃത്ത്: ശരിക്കും എന്താ സംഭവിച്ചത്?
കുറ്റാരോപിതൻ: അവൻ എന്നോട് നീയാരാ എന്ത് ചെയ്യും എന്നൊക്കെ ചോദിച്ചു.
സുഹൃത്ത്: ഇതിന് നിനക്ക് അവനെ കൊല്ലാൻ സാധിക്കില്ല. അടിക്കാമായിരുന്നു, പക്ഷേ കൊല്ലരുതായിരുന്നു.
കുറ്റാരോപിതൻ: സംഭവിച്ചത് സംഭവിച്ചു.
സെവെന്‍ത്ത് ഡേ അഡ്വെന്റിസ്റ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തര്‍ക്കത്തിനിടെ ജൂനിയര്‍ വിദ്യാര്‍ഥി പത്താംക്ലാസുകാരനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ചൊവ്വാഴ്ച രാത്രിയോടെ വിദ്യാര്‍ഥി മരിച്ചു.
പിന്നാലെ പ്രതിഷേധവുമായി കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ കുടുംബവും സിന്ധി വിഭാഗത്തില്‍ നിന്നുള്ളവരും രംഗത്തെത്തി. ചൊവ്വാഴ്ച രാവിലെ തൊട്ടാണ് സ്‌കൂളിന് മുറ്റത്തെത്തി പ്രതിഷേധം തുടങ്ങിയത്. വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ പ്രതി മുസ്ലീമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സംഭവത്തില്‍ എബിവിപിയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാര്‍ സ്‌കൂള്‍ പരിസരത്ത് അതിക്രമിച്ച് കയറി വസ്തുക്കള്‍ തകര്‍ത്തെന്നും സ്‌കൂള്‍ സ്റ്റാഫിനെ മര്‍ദിച്ചെന്നും ആരോപണമുണ്ട്.
ആണ്‍കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഒരു വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് ജയ്പാല്‍ സിങ് റാത്തോര്‍ സ്ഥിരീകരിച്ചു.