ബെംഗളൂരു; പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. നടുറോഡിൽ വച്ചാണ് പെൺകുട്ടിയുടെ കഴുത്തിൽ കത്തികുത്തിയിറക്കിയത്. ബനശങ്കരിയിലെ ഹൊസകെരെഹള്ളി കോളേജിലെ ഒന്നാം വർഷ ബി ഫാർമസി വിദ്യാർഥിനിയായ 20 കാരി യാമിനി പ്രിയയാണ് കൊല്ലപ്പെട്ടത്.
ശ്രീരാംപുരയിലെ റെയിൽവേ ട്രാക്കിന് സമീപമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മുൻപ് യാമിനിയുടെ ആൺസുഹൃത്തായിരുന്ന വിഘ്നേഷാണ് പ്രതി. കഴുത്തിൽ കത്തി കുത്തിയിറക്കിയ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. വിഘ്നേഷ് ഇപ്പോഴും ഒളിവിലാണ്.
യാമിനിയും വിഘ്നേഷും മുൻപ് അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതോടെ യാമിനി ആ ബന്ധത്തിൽ നിന്ന് അകന്നു. എന്നാൽ വീണ്ടും പ്രണയാഭ്യർഥനയുമായി വിഘ്നേഷ് യാമിനിയെ ശല്യം ചെയ്യാൻ തുടങ്ങി. കോളേജിനും വീടിനും സമീപവും അയാക്ഷ പിന്തുടർന്നതോടെ യാമിനി പൊലീസിൽ പരാതി നൽകി.
പൊലീസ് ഇയാളെ വിളിപ്പിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ പ്രണയം പകയായി മാറി. കഴിഞ്ഞ ദിവസം വീടിന് സമീപമുളള റോഡിൽ വച്ചാണ് വിഘേനേഷ് യാമിനിയുടെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊവിഡ് സമയത്ത് പണം തട്ടിപ്പുമായി ബന്ധപ്പെട്ട് വിഘ്നേഷിന്റെ പേരിൽ നേരത്തേ കേസ് ഉണ്ടായിരുന്നു.