Tamil Nadu SSI dies after being assaulted for questioning bursting firecrackers on a public road News Malayalam 24x7
CRIME

റോഡ് ബ്ലോക്ക് ചെയ്ത് പടക്കം പൊട്ടിക്കലും റീല്‍ എടുക്കലും; ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ യുവാക്കള്‍ തല്ലിക്കൊന്നു

ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മദ്യലഹരിയിലായിരുന്ന നാല് യുവാക്കളെ തേനി പോലീസ് അറസ്റ്റ് ചെയ്തു.

Author : ന്യൂസ് ഡെസ്ക്

തേനി: തമിഴ്നാട്ടിലെ തേനിയില്‍ പൊതുറോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തത് ചോദ്യം ചെയ്ത സ്പെഷ്യൽ സബ് ഇൻസ്പെക്ടറെ (എസ്എസ്ഐ) മദ്യപസംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തേനി സമധർമ്മപുരത്തിന് സമീപം ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മദ്യലഹരിയിലായിരുന്ന നാല് യുവാക്കളെ തേനി പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിർവഹണത്തിനിടെ ക്രൂരമായി ആക്രമിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ദാരുണ അന്ത്യം തമിഴ്‌നാട്ടിലാകെ വലിയ ജനരോഷത്തിനും ഞെട്ടലിനും കാരണമായിട്ടുണ്ട്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ റോഡിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തി പടക്കം പൊട്ടിക്കുകയും ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിക്കുകയുമായിരുന്നു. യാത്രാതടസ്സവും പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും സംബന്ധിച്ച് വിവരമറിഞ്ഞാണ് എസ്എസ്ഐ സെന്തിൽ കുമാർ സ്ഥലത്തെത്തിയത്. അപകടകരമായ രീതിയിലുള്ള റീൽസ് ചിത്രീകരണവും റോഡ് ഉപരോധിച്ചുള്ള പടക്കം പൊട്ടിക്കലും ഉദ്യോഗസ്ഥൻ തടയാൻ ശ്രമിച്ചു. എന്നാൽ ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതരായ സംഘം പോലീസുകാരനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കൂട്ടം ചേർന്ന് അദ്ദേഹത്തെ അതിക്രൂരമായി മർദിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന സെന്തിൽ കുമാറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കും ശരീരത്തിനും ഏറ്റ മാരകമായ ക്ഷതങ്ങളാണ് മരണകാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണം നടത്തിയ ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച നാല് പ്രധാന പ്രതികളെ പോലീസ് സംഘം മണിക്കൂറുകൾക്കകം വലയിലാക്കി. കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നതടക്കം അന്വേഷിക്കുന്നുണ്ട്.

SCROLL FOR NEXT