കൊച്ചി: തൃക്കാക്കരയിൽ രാസ ലഹരിയുമായി ഡാന്‍സാഫ് പിടികൂടിയ റിൻസി മുംതാസിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. മൂന്നു ദിവസത്തേക്കാവും കസ്റ്റഡി അപേക്ഷ നൽകുക. പിടിയിലായ ദിവസം നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ റിൻസി സിനിമ പ്രവർത്തകരുടെ അടക്കം പേരുകൾ പറഞ്ഞിരുന്നു.
ലഹരിക്കേസിൽ കണ്ണികളായ സിനിമാക്കാരെപ്പറ്റി റിൻസിയോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനാണ് പൊലീസ് തീരുമാനം. സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ റിൻസിയെ ചോദ്യം ചെയ്യുന്നത് നിർണായകമാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. 22ഗ്രാം എംഡിഎംയുമായാണ് റിൻസിയും സുഹൃത്തും പിടിയിലായത്.
റിന്‍സി മുംതാസിന് സിനിമാ മേഖലയില്‍ ശക്തമായ ബന്ധങ്ങളുണ്ടെന്നാണ് വിവരം. റിന്‍സിയെ സ്ഥിരമായി വിളിച്ചിരുന്നത് നാല് സിനിമക്കാരെന്നാണ് പൊലീസ് പറയുന്നത്. റിന്‍സിയും സിനിമാ താരങ്ങളും അണിയറ പ്രവര്‍ത്തകരുമായുള്ള നിരന്തരം ഫോണ്‍ സംഭാഷങ്ങളുടെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. സിനിമാ മേഖലയിലെ പല പ്രമുഖരുമായി റിന്‍സി വളരെ അടുപ്പം പുലര്‍ത്തിയിരുന്നു എന്നാണ് സൂചന.
റിന്‍സിയുടെ ഫ്ളാറ്റില്‍ എത്തിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. കാക്കനാട്ടെ ഫ്‌ളാറ്റില്‍ ഡാന്‍സാഫ് പരിശോധനക്കെത്തിയപ്പോള്‍ ആണ്‍സുഹൃത്ത് യാസര്‍ അറഫാത്തിനൊപ്പമാണ് റിന്‍സിയെ പിടികൂടിയത്. റിന്‍സിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സിനിമാ മേഖലയിലെ പല പ്രമുഖരുമായി ഇടപാടുകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ ഇവരുടെ ഫോണില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം.
എവിടെ നിന്ന് ലഹരി വരുന്നു, ആര്‍ക്കൊക്കെ ഇവ നല്‍കുന്നു, എങ്ങനെയൊക്കെയാണ് പണമിടപാട് തുടങ്ങിയ കാര്യങ്ങളിലടക്കം പരിശോധന നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിന്‍സി മുംതാസ്. സിനിമാ മേഖലയില്‍ സുപരിചിതയുമാണ്. സിനിമാ പ്രമോഷന്റെ ഭാഗമായാണ് ഇവരെയെല്ലാം വിളിച്ചിരുന്നതെന്നാണ് റിന്‍സി പൊലീസിനോട് പറഞ്ഞത്. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടേയും പ്രമോഷനും മറ്റു പ്രചരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നതും റിന്‍സി ആയിരുന്നു. ഇതിന്റെ മറവിലാണ് ആവശ്യക്കാര്‍ക്ക് ലഹരി മരുന്നുകള്‍ എത്തിച്ചു കൊടുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.